Connect with us

Kerala

സ്വഫ്‌വ സംഘം ഇനി ജനസമക്ഷം

Published

|

Last Updated

കൊച്ചി: സുന്നി യുവജന സംഘത്തിന്റെ സന്നദ്ധ സേവന വിഭാഗമായ സ്വഫ്‌വ സംഘത്തെ 30, 31 തീയതികളില്‍ നാടിന് സമര്‍പ്പിക്കുന്നു. തെക്കന്‍ മേഖലയിലെ സ്വഫ്‌വ വളണ്ടിയര്‍മാരെ അണി നിരത്തി 30ന് കൊല്ലത്തും വടക്കന്‍ മേഖലയിലെ സ്വഫ് വളണ്ടിയര്‍മാരെ അണിനിരത്തി 31ന് പാലക്കാട്ടും പ്രൗഢോജ്വല യൂത്ത് പരേഡ് നടക്കും.
ഇതിനുള്ള ഒരുക്കങ്ങള്‍ രണ്ടിടത്തും പൂര്‍ത്തിയായതായി സ്വാഗത സംഘം കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊല്ലത്ത് വൈകീട്ട് മൂന്ന് മണിക്ക് പള്ളിമുക്കില്‍ നിന്നാരംഭിക്കുന്ന തെക്കന്‍ മേഖലാ യൂത്ത് പരേഡില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള അയ്യായിരത്തോളം സ്വഫ്‌വ അംഗങ്ങളാണ് അണിനിരക്കുന്നത്.
31ന് പാലക്കാട്ട് നടക്കുന്ന വടക്കന്‍ മേഖലാ യൂത്ത് പരേഡ് വൈകീട്ട് 3 മണിക്ക് മഞ്ഞക്കുളത്ത് നിന്നാരംഭിച്ച് കോട്ട മൈതാനിയില്‍ സമാപിക്കും.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ യൂത്ത് പരേഡിനെ അഭിവാദ്യം ചെയ്യും. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള പതിനായിരത്തോളം സ്വഫ്‌വ അംഗങ്ങളാണ് വടക്കന്‍ മേഖലാ യൂത്ത് പരേഡില്‍ അണിനിരക്കുക. പ്രത്യേക യൂനിഫോമില്‍ പതാക ഏന്തി പരേഡില്‍ അണിനിരക്കുന്ന സ്വഫ്‌വ സംഘങ്ങള്‍ ജനസേവനത്തിനായും തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പ്രതിജ്ഞയെടുക്കും.
“സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം” എന്ന പ്രമേയവുമായി ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ മലപ്പുറം കോട്ടക്കലില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് സന്നദ്ധ സേവന വിഭാഗത്തെ പരിശീലനം നല്‍കി സജ്ജമാക്കിയിരിക്കുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സാന്ത്വന പരിചരണത്തിനും മുന്നിട്ടിറങ്ങുന്ന സ്വഫ്‌വ വളണ്ടിയര്‍മാരുടെ സേവനം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ അടക്കമുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാകും. ഓരോ സാന്ത്വന കേന്ദ്രങ്ങളിലെയും വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യൂനിറ്റ് തലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സ്വഫ്‌വ സംഘം മുന്നിട്ടിറങ്ങും.
ആംബുലന്‍സ് സേവനം, രക്തദാനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, അത്യാഹിത രക്ഷാപ്രവര്‍ത്തനം തുടങ്ങി സമൂഹത്തിന് ആവശ്യം വണ്ട സന്ദര്‍ഭങ്ങളില്‍ സന്നദ്ധസേവനം നല്‍കാന്‍ സ്വഫ്‌വ സംഘം രാപകലില്ലാതെ സദാ ജാഗരൂകമായിരിക്കും.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, എറണാകുളം ജില്ലാ പ്രസിഡന്റ് എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ജില്ലാ ജനറല്‍ സെക്രട്ടറി സി എ ഹൈദ്രോസ് ഹാജി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.