Connect with us

International

ഇസില്‍ വീഡിയോ നിന്ദ്യം: ഷിന്‍സോ ആബെ

Published

|

Last Updated

ടോക്യോ: തങ്ങള്‍ ബന്ദിയാക്കിയ ജപ്പാന്‍ പൗരന്‍ കെന്‍ജി ഗോട്ടൊയെ 24 മണിക്കൂറിനകം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വീഡിയോ നിന്ദ്യമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഗോട്ടോയുടെ സുരക്ഷിതമായ മോചനത്തിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോട്ടോയുടെ ശബ്ദമാണെന്ന് കരുതുന്ന ഒരു വീഡിയോയില്‍, വധശിക്ഷക്ക് വിധിക്കപ്പെട്ട ഇറാഖ് വനിതയെ വിട്ടയച്ചില്ലെങ്കില്‍ താനും ബന്ദിയായ ജോര്‍ദാന്‍ പൈലറ്റും കൊല്ലപ്പെടുമെന്ന് ഗോട്ടോ പറയുന്നുണ്ട്.
ഇവരുടെ സുരക്ഷിതമായ മോചനത്തിന് ജോര്‍ദാനൊപ്പം പ്രവര്‍ത്തിച്ചുവരികയാണെന്ന് ആബെ വ്യക്തമാക്കി.
മറ്റൊരു ജപ്പാന്‍ ബന്ദിയായ ഹാരുന യുകാവായെ കൊന്നതായി ഇസില്‍ ഞായറാഴ്ച അറിയിച്ചിരുന്നു. മോചനദ്രവ്യമായി അവര്‍ 200 മില്യണ്‍ ഡോളറാണ് ആവശ്യപ്പെട്ടിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ പുറത്തുവിട്ട അവസാനത്തെ വീഡിയോയില്‍, സാജിത അല്‍ റിഷാവിയെ ജോര്‍ദാന്‍ വിട്ടയച്ചില്ലെങ്കില്‍ “ഗോട്ടോ ഇനി 24 മണിക്കൂര്‍ മാത്രമേ ജീവിച്ചിരിക്കൂ” എന്നും ജോര്‍ദാന്‍ ബന്ദിയായ മൂസ അല്‍ കസാബിക്ക് അതിലും കുറച്ചേ സമയമുള്ളൂ എന്നും പറയുന്നുണ്ട്.
2005ല്‍ 60 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പങ്കാളിയായെന്ന് ആരോപിച്ച് ജോര്‍ദാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സ്ത്രീയാണ് സാജിത അല്‍ റിഷാവി. അവര്‍ക്ക് അല്‍ഖാഇദ ബന്ധമുണ്ടെന്നാണ് പറയുന്നത്.