Connect with us

International

അമേരിക്ക വാറന്റ് നല്‍കി; വിക്കിലീക്‌സ് ഉദ്യോഗസ്ഥരുടെ ഇ മെയില്‍ വിവരങ്ങള്‍ ഗൂഗിള്‍ ചോര്‍ത്തി നല്‍കി

Published

|

Last Updated

ലണ്ടന്‍: വിക്കിലീക്‌സ് ഉദ്യോഗസ്ഥരുടെ ഇമെയില്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഡാറ്റകള്‍ ഗൂഗിള്‍ അമേരിക്കക്ക് കൈമാറുന്നുണ്ടെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. മൂന്ന് വര്‍ഷമായി ആരുമറിയാതെ ഈ നടപടികള്‍ തുടരുകയാണെന്നും വിക്കിലീക്‌സ് വ്യക്തമാക്കുന്നു.

വിക്കിലീക്‌സ് മാധ്യമപ്രവര്‍ത്തകരുടെ ജേര്‍ണലിസ്റ്റിക് അവകാശങ്ങളെയും അവരുടെ സ്വകാര്യതയെയും ഹനിക്കുന്ന ഗൗരവമായ നിയമലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗൂഗിളിനെഴുതിയ കത്തില്‍ വിക്കിലീക്‌സ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വിക്കിലീക്‌സിലെ അന്വേഷണ ഉദ്യോഗസ്ഥരായ സാറ ഹാരിസണ്‍, സെക്ഷന്‍ എഡിറ്റര്‍ ജോസഫ് ഫാറേല്‍, വിക്കിലീക്‌സ് വക്താവ് ക്രിസ്റ്റിന്‍ ഹാഫിന്‍സണ്‍ എന്നിവരുടെ ഇമെയില്‍, കോണ്‍ടാക്ടുകള്‍, ഐ പി അഡ്രസ് എന്നിവയുടെ വിശദ വിവരം നല്‍കണമെന്ന് ഗൂഗിളിന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് ഇന്‍വെസ്റ്റിഗേഷന്‍ നല്‍കിയ വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ ഇവ കൈമാറിയിരിക്കുന്നത്. 2012, ഏപ്രില്‍ അഞ്ചിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗൂഗിള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് ശേഷം ഗൂഗിള്‍ സര്‍വീസ് ഉപയോഗിക്കരുതെന്ന് വിക്കിലീക്‌സ് ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് ലഭിച്ചു.