Connect with us

Kerala

സ്‌കൂളുകളില്‍ പാഠപുസ്തക വിതരണത്തിന് ഉത്തരേന്ത്യന്‍ ലോബി

Published

|

Last Updated

വണ്ടൂര്‍: സ്വകാര്യ സി ബി എസ് ഇ, ഐ സി എസ് ഇ മറ്റു ഇതര സിലബസുകളിലുള്ള സ്‌കൂളുകളില്‍ പാഠപുസ്തക വില്‍പ്പനയുടെ പേരില്‍ ഉത്തരേന്ത്യന്‍ പുസ്തക പ്രസാധക കമ്പനികള്‍ രക്ഷിതാക്കളെ പിഴിയുന്നു. സ്‌കൂള്‍ മാനേജ്‌മെന്റുകളും പാഠപുസ്തക പ്രസാധന കമ്പനികളും ചേര്‍ന്ന് വന്‍ ലാഭം കൊയ്യാനുള്ള ശ്രമങ്ങളാണ് പാഠപുസ്തക വിതരണത്തിലൂടെ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ നിരവധി പ്രസാധക കമ്പനികളാണ് ഇപ്പോള്‍ സ്‌കൂളുകളെ സമീപിച്ച്‌കൊണ്ടിരിക്കുന്നത്. വൈദ്യശാസ്ത്ര മേഖലയില്‍ മെഡിക്കല്‍ റപ്രസേന്റീവുകളെ പോലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെ സമീപിച്ച് തങ്ങളുടെ പുസ്തകം വിറ്റഴിക്കാന്‍ നിരവധി ഓഫറുകളാണ് പല കമ്പനികളുടെയും എക്‌സിക്യൂട്ടീവുകള്‍ നല്‍കിവരുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏത് പാഠപുസ്തകം പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ആണ്. എന്നാല്‍ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ഥി ഏതു പുസ്തകം വാങ്ങണമെന്ന് തീരുമാനിക്കുന്നത് പ്രസാധകനും സ്‌കൂള്‍ മാനേജ്‌മെന്റുമാണ്. ഈ ഇനത്തില്‍ മാനേജ്‌മെന്റിന് കമ്മീഷനും ലഭിക്കും. മിക്ക സ്‌കൂളുകളും പ്രസാധകരില്‍ നിന്ന് പുസ്തകം വാങ്ങി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് വില്‍ക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന സിലബസില്‍ എട്ടാം ക്ലാസ് വരെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം സൗജന്യമാണ്. പെണ്‍കുട്ടികള്‍ക്ക് മറ്റു ക്ലാസുകളില്‍ കൂടി സൗജന്യമായി പുസ്തകം ലഭിക്കും. എന്നാല്‍ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ പുസ്തകത്തിന്റെ പേരില്‍ ഓരോ വര്‍ഷവും വന്‍ തുകയാണ് പാഠപുസ്തകങ്ങള്‍ക്കായി നല്‍കേണ്ടിവരുന്നത്. സി ബി എസ് ഇ സിലബസില്‍ ഒമ്പതു മുതല്‍ പന്ത്രണ്ട് വരെയുള്ള എന്‍ സി ഇ ആര്‍ ടി തയ്യാറാക്കിയ പുസ്തകങ്ങളാണ് പഠിക്കേണ്ടത്. സ്വകാര്യ കമ്പനികളില്‍ പലരും ഈ പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ചിത്രങ്ങളും മികച്ച പേജുകളും ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത്. ചിലര്‍ ഇതോടൊപ്പം സി ഡിയും നല്‍കുന്നു. എന്‍ സി ആര്‍ ടി വെബ്‌സൈറ്റില്‍ നിന്ന് ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യവുമുണ്ട്. എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങളില്‍ പലതിനും 100 രൂപയാണ് വിലയുള്ളത്. എന്നാല്‍ സ്വകാര്യ പ്രസാധകരുടെ പാഠപുസ്തകങ്ങള്‍ക്ക് രൂപ 150 രൂപ മുതല്‍ മുകളിലോട്ടാണ് വില. എന്നാല്‍ മിക്ക സ്‌കൂളുകളും എട്ടാം ക്ലാസ് വരെ വിവിധ സ്വകാര്യ പ്രസാധക കമ്പനികളുടെ പുസ്തകങ്ങളാണ് ആശ്രയിക്കാറുള്ളത്.
ഓരോ സ്‌കൂളും അവര്‍ക്കു താത്പര്യമുള്ളവരുടെ പുസ്തകം തിരഞ്ഞെടുക്കുന്നതിനാല്‍ പല വിഷയങ്ങള്‍ക്കും ഏകീകൃത സ്വഭാവവുമില്ല. ഓരോ ക്ലാസുകളിലും വിവിധ കമ്പനികളുടെ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നതിനാല്‍ പലതിനും തുടര്‍ച്ചയും പാഠാവതരണ രീതികളും വ്യത്യസ്തമാകുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. കൂടാതെ സ്‌കൂളുകള്‍ മാറുമ്പോഴും പഴയ പുസ്തകങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത പ്രശ്‌നവുമുണ്ട്.