Connect with us

Gulf

വര്‍ണങ്ങളില്‍ വിസ്മയം തീര്‍ത്ത് ഹബീബ്

ദുബൈ: മനസ്സില്‍ വിരിയുന്ന ചിന്തകള്‍ക്ക് കൈ വരകള്‍ കൊണ്ട് വര്‍ണം ചാര്‍ത്തുകയാണു മംഗലാപുരം പുത്തൂര്‍ സ്വദേശി ഹബീബ്. തുണ്ട് കടലാസില്‍ പെന്‍സില്‍ വരയില്‍ തുടങ്ങി ഇന്ന് ആക്രലിക് പെയിന്റിംഗ്, ഓയില്‍ പെയിന്റിംഗ് തുടങ്ങിയവയില്‍വര്‍ണ ചിത്രങ്ങളുടെ രചനകളിലാണു ഈ കലാകാരന്‍. സ്‌കൂളില്‍ പഠിക്കുന്ന കാലം പ്രവാചക ശ്രേഷ്ഠരുടെ (സ) പാദരക്ഷ വരക്കാന്‍ പിതാവ് ആവശ്യപ്പെട്ടതായിരുന്നു ഹബീബിന്റെ മനസ്സിലെ കലാകാരനെ പുറത്തെടുക്കാന്‍ നിമിത്തമായത്.
അന്ന് കഴിയും വിധം വരച്ചൊപ്പിച്ചു പിതാവിന് നല്‍കിയപ്പോള്‍ ലഭിച്ച പ്രോത്സാഹനവും ആശീര്‍വാദവും ചിത്ര രചനാ ലോകത്ത് ഹബീബിനെ കൈ പിടിച്ചുയര്‍ത്തുകയായിരുന്നു. പിന്നെ പലതവണ വൈവിധ്യ നിറങ്ങളില്‍ പിതാവിന് ഇതേ ചിത്രം മകന്‍ സമര്‍പ്പിച്ചു. സ്‌കൂളില്‍ പഠിക്കുന്ന കാലം പ്ലസ് ടു വരെ എല്ലാ ചിത്ര രചനാ മത്സരത്തിലും ഈ കലാകാരന്‍ നേടിയത് ഒന്നാം സ്ഥാനവും എ ഗ്രേഡുമാണ്. രണ്ടു വര്‍ഷം മുമ്പാണു ഹബീബ് ദുബൈ അല്‍ഖൂസില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എ സി ടെക്‌നീഷ്യനായി ജോലിക്ക് വരുന്നത്. ഗള്‍ഫില്‍ എത്തിയപ്പോഴാണു ചിത്ര രചനാ മേഖലയിലേക്ക് വീണ്ടും തിരിയുന്നത്.
നാട്ടിലും ഇവിടെയുമായി നൂറിലധികം ചിത്രങ്ങള്‍ ഹബീബിന്റെ കരങ്ങളാല്‍ ചായം പിടിപ്പിച്ചിട്ടുണ്ട്. രാഷ്ട്ര നേതാക്കളായ ശൈഖ് സായിദ്, ശൈഖ് ഖലീഫ, ശൈഖ് മുഹമ്മദ് തുടങ്ങിയവരുടെ ഫോട്ടോകളും ഹബീബിന്റെ രചനയില്‍ തെളിഞ്ഞിട്ടുണ്ട്. കഅ്ബ, മദീന മുനവ്വറ:, മസ്ജിദുല്‍ അഖ്‌സ പ്രകൃതിയിലെ വിസ്മയ കാഴ്ചകള്‍ ഇതൊക്കെ വരക്കുന്നതിലാണു ഈ ചിത്രകാരനു ഏറെ താല്പര്യം. എന്നാല്‍ പച്ച ഖുബ്ബ ഉള്‍കൊള്ളുന്ന മദീന മുനവ്വറയുടെ ചിത്രം ഹബീബിന്റെ മാസ്റ്റര്‍ പീസാണ്. ചിത്ര രചനക്കായി പ്രത്യേക കോഴ്‌സുകള്‍ക്കൊന്നും പോവാതെ ഇന്റര്‍നെറ്റ് വഴിയും മറ്റും സ്വായത്തമാക്കിയതാണു ഈ കഴിവുകള്‍. ജോലി കഴിഞ്ഞ് കിട്ടുന്ന ഒഴിവു സമയങ്ങളാണു ഹബീബ് രചനകള്‍ക്കായി നീക്കി വെക്കുന്നത്. അവിവാഹിതനായ ഹബീബ് മര്‍ഹൂം മുഹമ്മദ് മുസ്‌ലിയാര്‍ ആമിന ദമ്പതികളുടെ മകനാണ്. വിവരങ്ങള്‍ക്ക്: 052-8261268.