Connect with us

Gulf

അസ്ഥാനത്ത് റോഡ് മുറിച്ചുകടന്നതിന് പിടിക്കപ്പെട്ടവര്‍ അരലക്ഷത്തിലധികം

Published

|

Last Updated

അബുദാബി: കഴിഞ്ഞ വര്‍ഷം അസ്ഥാനത്ത് റോഡ് മുറിച്ചുകടന്നതിന് അബുദാബി പോലീസ് പിടികൂടിയത് 52,020 പേരെ. കാല്‍നടയാത്രക്കാര്‍ക്ക് പ്രാമുഖ്യം നല്‍കേണ്ട സ്ഥലങ്ങളില്‍ അത് നല്‍കാതിരുന്ന 8849 ഡ്രൈവര്‍മാരെയും കഴിഞ്ഞ വര്‍ഷം പികൂടുകയുണ്ടായി.
കാല്‍നടയാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ അസ്ഥാനത്ത്കൂടി റോഡുമുറിച്ചു കടക്കുന്ന പ്രവണത കൂടിവരുന്നതായി അബുദാബി ട്രാഫിക് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ കേണല്‍ ജമാല്‍ സാലിം ആമിരി പറഞ്ഞു. ഇത്തരത്തില്‍ റോഡ് മുറിച്ച് കടക്കുന്നത് മരണത്തിന് വരെ കാരണമായ ധാരാളം അപകടങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബഹുമുഖ പദ്ധതികളോടെ ട്രാഫിക് വിഭാഗം കാല്‍നടയാത്രക്കാര്‍ക്കിടില്‍ ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്, അല്‍ ആമിരി പറഞ്ഞു.
കാല്‍നടയാത്രക്കാര്‍ അവര്‍ക്ക് മാത്രമുള്ള ടണലുകള്‍, മേല്‍പാലങ്ങള്‍, റോഡില്‍ പ്രത്യേകം വരയിട്ട് അടയാളപ്പെടുത്തിയ ഭാഗങ്ങളിലൂടെ മാത്രമേ മുറിച്ചുകടക്കാവൂ. സിഗ്നലുകളിലെ അടയാളങ്ങള്‍ ശ്രദ്ധിച്ചു മാത്രമേ റോഡിലിറങ്ങാവൂ എന്നും അല്‍ ആമിരി അറിയിച്ചു. അതേ സമയം, സ്‌കൂളുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി വേഗതകുറച്ചു മാത്രമേ വാഹനങ്ങള്‍ ഓടിക്കാവൂ എന്ന് ഡ്രൈവര്‍മാരോടും അല്‍ ആമിരി ആവശ്യപ്പെട്ടു.
അസ്ഥാനത്ത് റോഡ് മുറിച്ചു കടക്കുന്നത് പിടിക്കപ്പെട്ടാല്‍ 200 ദിര്‍ഹമാണ് പിഴ ചുമത്തുക. കാല്‍ നടയാത്രക്കാര്‍ക്ക് പരിഗണന നല്‍കേണ്ടിടങ്ങളില്‍ അതവഗണിച്ചു വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴ 500 ദിര്‍ഹമാണ്. പുറമെ 6 പോയിന്റുകളും രേഖപ്പെടുത്തും. സിഗ്നലുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേകം വരയിട്ട് അടയാളപ്പെടുത്തിയ ഭാഗത്ത് വാഹനം നിര്‍ത്തിയാലും 500 ദിര്‍ഹം പിഴ ചുമത്തും. ഗതാഗത തടസമുണ്ടാകുന്ന രീതിയിലും കാല്‍നടയാത്രക്കാര്‍ക്ക് മുടക്കുണ്ടാക്കുന്ന രീതിയിലും വാഹനം നിര്‍ത്തിയിടുന്നവര്‍ക്ക് 200 ദിര്‍ഹവും മൂന്ന് പോയിന്റുകളും പിഴ ചുമത്തും.

Latest