Connect with us

Palakkad

വിവാദങ്ങള്‍ തുടര്‍ന്നാല്‍ പുതിയ കെട്ടിടങ്ങള്‍ മറ്റ് ജില്ലകളിലേക്ക് മാറ്റാന്‍ സാധ്യത

Published

|

Last Updated

കല്‍പ്പറ്റ: വിവാദങ്ങള്‍ തുടര്‍ന്നാല്‍ പൂക്കോട് വെറ്ററിനറി കോളജ് സര്‍വ്വകലാശാലക്കനുവദിക്കുന്ന പുതിയ കെട്ടിടങ്ങള്‍ മറ്റ് ജില്ലകളിലേക്ക് മാറ്റാന്‍ സാധ്യത. ഇത് കാമ്പസിനെ കൂടുതല്‍ പ്രതികൂലമായി ബാധിക്കും.
എല്ലാ നിബന്ധനകളും പാലിച്ചാണ് നിര്‍മ്മാണപ്രവൃത്തികള്‍ തുടങ്ങിയതെന്നും മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കാന്‍ ഒന്നര വര്‍ഷത്തോളം സമയമെടുത്തത് തികച്ചും പ്രകൃതി സൗഹൃദ രീതിയില്‍ രൂപകല്‍പ്പന ചെയ്യാനായിരുന്നുവെന്നും വൈസ് ചാന്‍സലര്‍ പറയുന്നു. പ്രകൃതിക്കുമേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് പറഞ്ഞ് എന്‍ ജി ഒകള്‍ വീണ്ടും കോടതിയെ സമീപിച്ചാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതോടൊപ്പം കോളജിന്റെ ഭാവിയും ത്രിശങ്കുവിലാകുകയും ചെയ്യും. അതിനിടെ നിയമതടസ്സങ്ങളില്‍ പെട്ട് നിര്‍ാണപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ആസ്ഥാനം മാറ്റരുതെന്നാവശ്യപ്പെട്ട് ജില്ലയിലെ വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തെത്തിയതോടെ വിഷയത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും പ്രാദേശിക എന്‍ ജി ഒകളും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. എന്തുവിലകൊടുത്തും ആസ്ഥാനം മാറ്റം തടയുമെന്ന് വിദ്യാര്‍ഥികളും ആദിവാസികളെ മുന്‍നിര്‍ത്തി പ്രകൃതിസംഘടനകളും രംഗത്തെത്തിയതോടെ ജില്ലയിലെ മറ്റൊരു സങ്കീര്‍ണ്ണസമസ്യയായി വെറ്ററിനറി സര്‍വകലാശാല വിഷയം മാറിക്കഴിഞ്ഞു. ജില്ലയില്‍ ആദിവാസികള്‍ക്ക് നല്‍കേണ്ട ഭൂമിയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്നാരോപിച്ചാണ് പ്രാദേശിക എന്‍ജിഒ കള്‍ സര്‍വ്വകലാശാലക്കെതിരെ രംഗത്തുവരുന്നത്. പൂക്കോട് ഡയറി പ്രൊജക്ടിന്റെ ഭാഗമായി റവന്യൂ വകുപ്പിന് കൈമാറിയ ഭൂമി മുഴുവന്‍ ആദിവാസികള്‍ക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നില്ലെന്ന മറുവാദമാണ് ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്കുള്ളത്.ഡയറി പ്രൊജക്ട് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഇവിടെ ജോലി ചെയ്തിരുന്ന കുടംബങ്ങളില്‍ 89 പേര്‍ക്ക് അഞ്ച് ഏക്കര്‍ വീതവും ജോലി ലഭിക്കാത്തവര്‍ക്ക് രണ്ട് ഏക്കര്‍ ഭൂമിയും പതിച്ചുനല്‍കിയരുന്നുവെന്നും ഇപ്പോള്‍ കോളജ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് താമസിച്ചിരുന്ന 26 കുടംബങ്ങളിലെ 21 പേര്‍ക്ക് യോഗ്യതക്കനുസരിച്ച് ജോലി നല്‍കുകയും ചെയ്തുവെന്നും പാര്‍ട്ടികള്‍ പറയുന്നു.
കഴിഞ്ഞ യു പി എ സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപയില്‍ നിന്നും നബാര്‍ഡ് അനുവദിച്ച 44.48 കോടി രൂപയില്‍ നിന്നും 40 കോടി രൂപയുടെ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ കോടതിവിധിയെത്തുടര്‍ന്ന് ഇപ്പോള്‍ തടസപ്പെട്ടിരിക്കുകയാണ്. ഏഴോളം എം എസ് സി ബിരുദാനന്തര കോഴ്‌സുകള്‍, മൂന്ന് ഡിപ്ലോമാ പ്രോഗ്രാമുകള്‍, 12 സാങ്കേതിക മികവിലൂന്നിയുള്ള വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍, സ്‌കൂള്‍ ഓഫ് ന്യൂ മീഡിയാ റിസര്‍ച്ച്, പബ്ലിക് ഹെല്‍ത്ത്, കാലാവസ്ഥാ പഠന ഗവേഷണകേന്ദ്രം, വന്യജീവി പഠന ഗവേഷണ കേന്ദ്രം, സെന്റര്‍ ഫോര്‍ ബയോ എനര്‍ജി തുടങ്ങിയവയ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി. ഇതിന് പുറമെ അന്താരാഷ്ട്ര ഫാക്കല്‍റ്റി ഗസ്റ്റ് ഹൗസ്, വനിതാ ഹോസ്റ്റല്‍, ഗ്രാഡുവേറ്റ് ഹോസ്റ്റല്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയും മൊത്തം പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. 40 കോടി രൂപ സമയബന്ധിതമായി ചിലവഴിക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുകയും നിയമക്കുരുക്കില്‍പ്പെടുകയുമാണെങ്കില്‍ പ്രസ്തുത ഗ്രാന്റ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്യും.
നിലവില്‍ 1800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കാമ്പസില്‍ വെറ്ററിനറി രംഗത്ത് മികച്ച പഠനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ നടന്നത്. പക്ഷികളിലെ ഡി.എന്‍.എ കണ്ടുപിടിക്കുന്ന പുതിയ പഠനം കഴിഞ്ഞ മാസമാണ് സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടക്ക് കോഴ്‌സുകളുടെ എണ്ണം 4ല്‍ നിന്ന് 25ലേക്ക് വര്‍ധിച്ചിട്ടുണ്ട്. മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 60% വര്‍ധനയും ഇക്കാലയളവിലുണ്ടായി. ഇതെല്ലാം ചൂണ്ടിക്കാട്ടി ആസ്ഥാനം മാറ്റരുതെന്നാണ് ഇടതു-വലതു വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം.

---- facebook comment plugin here -----