Connect with us

Kerala

അനധികൃത കച്ചവടം; ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് 53 കോടിയുടെ പിഴ

Published

|

Last Updated

തിരുവനന്തപുരം: അനധികൃത കച്ചവടം നടത്തിയതിന് നാല് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് 53.63 കോടി രൂപ പിഴ ചുമത്തി. കേരളത്തില്‍ നടത്തിയ വ്യാപാരങ്ങളില്‍ നികുതി വെട്ടിപ്പ് നടത്തിയതിനാണ് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ഫഌപ്കാര്‍ട്ട്, ജബോങ്.കോം എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം പിഴ ചുമത്തിയത്.
ഫഌപ്കാര്‍ട്ടിന് 47.15 കോടി രൂപയും ജബോങ് ഡോട്ട് കോമിന് 3.89 കോടി രൂപയും പിഴ ചുമത്തി. മിന്ത്ര.കോം എന്ന ഓണ്‍ലൈന്‍ വ്യാപാര സൈറ്റിന്റെ ഉടമസ്ഥരായ വെക്ടര്‍ ഇ-കൊമേഴ്‌സിന് 2.23 കോടി രൂപയും സോവി.കോം എന്ന വ്യാപാര സൈറ്റ് നിയന്ത്രിക്കുന്ന റോബ്മാള്‍ അപ്പാരല്‍സിന് 36 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. 2012-13, 2013-14 തുടങ്ങിയ സാമ്പത്തിക വര്‍ഷങ്ങളിലായി ഈ കമ്പനികള്‍ നടത്തിയ കച്ചവടങ്ങള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
കേരളത്തില്‍ വ്യാപാരം നടത്തുന്ന മറ്റു സ്ഥാപനങ്ങളുടെയും കണക്ക് പരിശോധിച്ച് പിഴ ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യാപാരം എന്ന പുതിയ രീതി കേരളത്തില്‍ നിലവിലുള്ള നിയമങ്ങളിലെ ബിസിനസ്, വ്യാപാരി, ചരക്ക്, വില്‍പന എന്നീ നിര്‍വചനങ്ങളുടെ പരിധിയില്‍പ്പെടുന്നു എന്നും, പക്ഷേ നികുതി അടക്കുന്നില്ലെന്നുമാണ് നികുതി വകുപ്പിന്റെ കണ്ടെത്തല്‍.
മുമ്പ് നികുതി വകുപ്പിന്റെ കര്‍ശന ഇടപെടലിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള വ്യാപാരങ്ങള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.
പിന്നീട് ചില നിയന്ത്രണങ്ങളോടെ മാത്രമാണ് കേരളത്തില്‍ ഓണ്‍ലൈന്‍ കച്ചവടം പുനസ്ഥാപിച്ചത്.

Latest