Connect with us

National

അമേരിക്കന്‍ കോടതിയില്‍ ഹരജി: ആര്‍ എസ് എസിനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി/ ന്യൂയോര്‍ക്ക്: ആര്‍ എസ് എസിനെ വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ കോടതിയില്‍ ഹരജി. ഈ വിഷയത്തില്‍ 60 ദിവസത്തിനകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ച് വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ സൗതേണ്‍ ഡിസ്ട്രിക്ട് കോടതിയില്‍ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) എന്ന സംഘടനയാണ് ഹരജി നല്‍കിയത്.
ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുകയും അവ നടപ്പിലാക്കുകയും വിവിധ മതവിഭാഗങ്ങളും സാംസ്‌കാരിക സ്വത്വവും ഉള്ള ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ അക്രമാസക്ത പ്രചാരണങ്ങളും നടത്തുന്ന ആര്‍ എസ് എസിനെ ആഗോള തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ജഡ്ജി സൈ്വന്‍ ആണ് ഇത് കൈകാര്യം ചെയ്യുക. റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി യു എസ് പ്രസിഡന്റ് ബരാക് ഒബാമ എത്തുന്ന അവസരത്തിലാണ് ഇത്തരമൊരു ഹരജിയെന്നത് ശ്രദ്ധേയമാണ്. നൈജീരിയയില്‍ “മാറൂ അല്ലെങ്കില്‍ മരിക്കൂ” എന്ന മുദ്രാവാക്യവുമായി ബോകോ ഹറാം പ്രവര്‍ത്തിക്കുന്ന മാതൃകയിലാണ് ഘര്‍ വാപസി എന്ന പേരില്‍ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സംഘ് പരിവാര്‍ സംഘടനകള്‍ മതംമാറ്റുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
ബാബരി മസ്ജിദ് പൊളിച്ചത്, 2002ലെ ഗുജറാത്ത് വംശഹത്യ, നാഥുറാം ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ കൊന്നതും ഗോഡ്‌സെയെ മഹത്വവത്കരിക്കുന്നതും എന്നിവയെല്ലാം ഹരജിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ മൂന്ന് പ്രാവശ്യം ആര്‍ എസ് എസിനെ നിരോധിച്ചിട്ടുണ്ട്. മതന്യൂനപക്ഷങ്ങളെയാണ് ആര്‍ എസ് എസ് ലക്ഷ്യം വെക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നേരെ ആര്‍ എസ് എസുകാരുടെ ആക്രമണം പലയിടത്തും പതിവാണ്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നാണ് ആര്‍ എസ് എസ് നേതാക്കളുടെ നിലപാടെന്നും ഹരജിയില്‍ പറയുന്നു.
ഈ വസ്തുതകളുടെ പിന്‍ബലത്തില്‍ ആര്‍ എസ് എസിനെയും അനുബന്ധ സംഘടനകളെയും, കുടിയേറ്റം- പൗരത്വ നിയമത്തിന്റെ 219 ാം വകുപ്പ് പ്രകാരം ആഗോള തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കണം. പുറമെ, ആര്‍ എസ് എസിനെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 13224ന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യലി ഡെസിഗ്‌നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് എന്റിറ്റി (എസ് ഡി ജി റ്റി) ആയി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 26 പേജ് വരുന്നതാണ് ഹരജി.