Connect with us

Wayanad

ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ കര്‍ഷകരെ കുടിയിറക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

Published

|

Last Updated

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ കര്‍ഷകരെ കുടിയിറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗൂഡല്ലൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പട്ടയ ഭൂമികള്‍ക്ക് ജില്ലാ ഭരണകൂടവും, റവന്യുവകുപ്പും, വനംവകുപ്പും നിയമവിരുദ്ധമായി പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്കാരണം ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തമിഴ്‌നാട് സ്വകാര്യ വനസംരക്ഷണത്തിന്റെ പേര് പറഞ്ഞാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ ജീവിതാവകാശങ്ങള്‍ ഹനിക്കുന്ന അധികാരി വര്‍ഗ്ഗത്തിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്.
ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് വീണ്ടും ഗൂഡല്ലൂരില്‍ ജനങ്ങള്‍ പോരാട്ടത്തിനിറങ്ങാന്‍ പോകുകയാണ്.
ടി എന്‍ പി പി എഫ് (1949) നിയമത്തിന്റെ മറവില്‍ 1991ല്‍ ജില്ലാ ഭരണകൂടം നടത്തിയ നിയമവിരുദ്ധവും ജനവിരുദ്ധവുമായ നിയമവിജ്ഞാപനം മൂലം ഇന്നും ജനങ്ങളുടെ മുഴുവന്‍ അവകാശങ്ങളും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 1969ലെ ജന്മംമായി അബോളിഷ്‌മെന്റ് ഇന്റു റൈത്ത് വാരി നിയമം രാജ്യവ്യാപകമായി നടപ്പിലാക്കി മണ്ണില്‍ ജോലിയെടുക്കുന്നവന് ഭൂമിയില്‍ സ്ഥിരാവകാശം നല്‍കിയപ്പോള്‍ അതേ നിയമത്തിന്റെ മറവില്‍ ഇവിടുത്തെ കര്‍ഷകരെ കുടിയിറക്കുകയാണുണ്ടായത്. വനം-പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ വന്ന ചില നിയമങ്ങളുപയോഗിച്ച് ജനങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം ജില്ലയിലെ എല്ലാ പഞ്ചായത്തുകള്‍ക്കും കലക്ടര്‍ അയച്ച അറിയിപ്പില്‍ 1991 നോട്ടിഫിക്കേഷനില്‍ വരുന്ന സര്‍വേ നമ്പറുകളില്‍പ്പെട്ട ഭൂമിയില്‍ വീട് വെക്കുവാനോ വീട് പുതുക്കി പണിയുവാനോ പാടില്ല എന്നതാണ്. നിര്‍മാണാനുമതി നല്‍കിയാല്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്നും അറിയിച്ചിട്ടുണ്ട്. പ്രാചീന യുഗ മനുഷ്യരെ പോലെ ഗുഹകളിലും മരപൊത്തുകളിലും ജീവിക്കേണ്ട അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നത്.
ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ ധാരാളം പ്രക്ഷോഭങ്ങള്‍ നടത്തിയതാണ്. ജീവത്യാഗം ഉള്‍പ്പെടെയുള്ള സമര മുറകളാണ് നടത്തിയിരുന്നത്. സര്‍വകക്ഷികളും, സന്നദ്ധ സംഘടനകളും പ്രതിഷേധ സമരങ്ങള്‍ പലതും നടത്തിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. ജനകീയ പ്രശ്‌നങ്ങളില്‍ കാലാനുസൃതമായി ഇടപെടുകയും പ്രവര്‍ത്തിക്കുകയുമാണ് യഥാര്‍ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്.
ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ പട്ടയ ഭൂമി മുഴുവനും സ്വകാര്യ വനസംരക്ഷണ നിയമത്തിന്റെ കീഴിലാക്കി സര്‍ക്കാര്‍ ഭൂമിയാക്കി മാറ്റുന്ന അവസ്ഥയാണ് കാണുന്നത്. സ്വന്തം പേരിലുള്ള പട്ടയ ഭൂമിയുടെമേല്‍ അവകാശം പറയാന്‍ പോലും ഉടമക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്. ഭൂമിയുടെ ക്രയവിക്രയം നടത്താനും പറ്റുന്നില്ല. ഇരുതാലൂക്കിലുമായി ഏകദേശം 16,100 ഏക്കര്‍ ഭൂമി ഈ കരിനിയമത്തിന്റെ പിടിയിലാണുള്ളത്.
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഇവിടെ കാലങ്ങളായി താമസിക്കുന്ന ജനങ്ങളുടെ ജീവിതാവകാശങ്ങള്‍ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. പട്ടയഭൂമി ക്രയവിക്രയം നടത്തുന്നതിന് ജില്ലാകലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. സാധാരണക്കാര്‍ക്ക് ഇത് വാങ്ങുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. കലക്ടര്‍, ആര്‍ ഡി ഒ, തഹസില്‍ദാര്‍, ഡി എഫ് ഒ, കലക്ടറുടെ പി എ തുടങ്ങിയ മേലധികാരികളുടെയും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമെ ഈ കമ്മിറ്റി അനുമതി നല്‍കുകയുള്ളു. തുടര്‍ന്ന് ഈറോഡിലെ ലാന്‍ഡ് കമ്മീഷണറുടെ അനുമതി കൂടി വേണം.
300ല്‍പ്പരം അപേക്ഷകളാണ് പ്രസ്തുത കമ്മിറ്റിക്ക് മുമ്പില്‍ തീര്‍പ്പാകാതെ കിടക്കുന്നത്. പലരും അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളോളമായി. പ്രസ്തുത കമ്മിറ്റിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ കൃത്യമായി ലഭിക്കണമെങ്കില്‍ തന്നെ താഴെ തട്ടിലുള്ള ഓരോ ഉദ്യോഗസ്ഥര്‍ക്കും കൈകൂലി നല്‍കുകയും വേണം. സ്ഥലത്തിന്റെ ആകെ വിലയില്‍ നല്ലൊരു ശതമാനം തുക കൈകൂലിയായി നല്‍കണം. അതേസമയം കൈവശഭൂമികളില്‍ നിന്ന് കര്‍ഷകരെ കുടിയിറക്കുന്ന നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഗൂഡല്ലൂരില്‍ നിരവധി ആളുകളുടെ ഭൂമികള്‍ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. തലമുറകളായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമികളില്‍ നിന്നാണ് പലരെയും കുടിയിറക്കിയിരിക്കുന്നത്. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കിലെ നിലവിലെ സ്ഥിതി വളരെ പ്രയാസകരമാണ്. ഭൂമി പ്രശ്‌നം വീണ്ടും ചുടുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്വകാര്യ വനസംരക്ഷണ നിയമത്തിന്റെ പരിധിയിലുള്ള പട്ടയ ഭൂമികള്‍ക്ക് വൈദ്യുതി കണക്ഷന്‍ പോലും ഇനി ലഭ്യമാകില്ല.