Connect with us

International

ഇസില്‍ വിരുദ്ധ പോരാട്ടം ശക്തമാക്കി കുര്‍ദ് സേന

Published

|

Last Updated

ബാഗ്ദാദ് : ഇസില്‍ ശക്തികേന്ദ്രമായ താല്‍ അഫറിനു സമീപത്തെ പോരാട്ടഭൂമിയില്‍ നിന്ന് ഇസിലിനെ തുരത്തുന്നതിന്റെ ഭാഗമായി വടക്ക് പടിഞ്ഞാറന്‍ ഇറാഖില്‍ കുര്‍ദ് സേന പോരാട്ടം ശക്തമാക്കി. ഇതിന്റെ ഭാഗമായി നൂറ് കണക്കിന് കുര്‍ദ് സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇവര്‍ ഇതുവരെ നാല് കി.മീറ്റര്‍ പ്രദേശത്ത് മുന്നേറ്റം നടത്തിയിട്ടുണ്ട്. സിറിയയില്‍നിന്നും ഇറാഖില്‍നിന്നും ഇസിലിനുള്ള വിതരണശൃംഖല തകര്‍ക്കുന്നതിനായി തന്ത്രപ്രധാന മേഖല പിടിച്ചെടുക്കുന്നതിനായി കുര്‍ദ് സൈന്യം അമേരിക്കന്‍ സഖ്യസേനക്കൊപ്പം പോരാട്ടം നടത്തിവരികയാണ്. ഇക്കാര്യത്തില്‍ കുര്‍ദ് കമാന്‍ഡര്‍മാര്‍ ആത്മവിശ്വാസമുള്ളവരാണെങ്കിലും ഇതിന് സമയമെടുക്കുമെന്ന് അവര്‍ തിരിച്ചറിയുന്നതായും അല്‍ ജസീറ ലേഖിക സമീപപ്രദേശമായ മൊസൂള്‍ ദാമില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
കുര്‍ദുകളും അമേരിക്കന്‍ സഖ്യസേനയും സംയുക്തമായാണ് ഇവിടെ സൈനിക നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെയോടെ സഖ്യ സേനാ വിമാനങ്ങള്‍ ഇസില്‍ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയതായും സെയ്‌ന കോദര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഖ്യസേനയുടെ ആക്രമണത്തിനെതിരെ ആദ്യം ഇസില്‍ ചെറുത്തുനിന്നില്ലെങ്കിലും പിന്നീട് മോര്‍ട്ടാറുകളും മറ്റും ഉപയോഗിച്ച് കുര്‍ദ് സേനക്കെതിരെ ആക്രമണം തുടങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. ഇസിലുകാരുടെ വിതരണ ശൃംഖല തകര്‍ക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് കുര്‍ദ് കമാന്‍ഡര്‍മാര്‍ അല്‍ ജസീറയോട് പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ഇറാഖിലും സിറിയയിലുമായി അമേരിക്കന്‍ സഖ്യ സേന 20ലധികം വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറാഖിലെ സിന്‍ജാര്‍, കിര്‍കുക്, റമാദി എന്നീ പ്രദേശങ്ങളില്‍ ഒമ്പത് വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട് ഇസിലിനെതിരായ യുദ്ധത്തില്‍ അന്താരാഷ്ട്ര സമൂഹം മതിയായ സഹായങ്ങള്‍ ചെയ്യുന്നില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദി അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേ സമയം, അമേരിക്കന്‍ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണത്തിന് നന്ദി പറഞ്ഞ അദ്ദേഹം ആക്രമണം ഫലപ്രദമാണെന്നും പറഞ്ഞു.