കൗമാര കേരളം മധുരം നുണഞ്ഞു മടങ്ങി ഇനി വ്യവസായ നഗരിയില്‍ കലയുടെ സൈറണ്‍ മുഴങ്ങും

Posted on: January 21, 2015 9:53 pm | Last updated: January 22, 2015 at 9:58 am

10923530_793402377400598_1488424852299757848_nമധുരത്തിന്റെ നാട്ടില്‍ നിന്ന് കൗമാര കേരളം ചിലങ്കയഴിച്ച് ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ഇനി വ്യാവസായിക നഗരത്തിന്റെ സൈറണ്‍ മുഴങ്ങുന്ന എറണാംകുളത്ത് അടുത്ത വര്‍ഷത്തെ കൊടിയേറ്റം. സത്യത്തിന്റെ തുറമുഖ നഗരത്തില്‍ നിന്ന് കലോത്സവ പതാക മറ്റൊരു തുറമുഖ നഗരമായ കൊച്ചിക്കായി കൈമാറ്റപ്പെട്ടു.
സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് ഏറെ വേദിയായ കോഴിക്കോടിന്റെ ഹൃദയഭൂമിയില്‍ നിന്ന് കൗമാര മേളയെത്തുന്നത് ചരിത്രവും സംസ്‌കാരവും ഇഴചേര്‍ന്ന് കിടക്കുന്ന എറണാംകുളത്തേക്കാണ്.
കലയുടെ കൈവിളക്കുമായെത്തിയ കൗമാരത്തിന്റെ പ്രതിഭാത്വം ആട്ടമായും ആലാപനമായും വരയായും വര്‍ണനയായും കോഴിക്കോട്ട് വിരിഞ്ഞിറങ്ങിയത് പുതു പ്രതീക്ഷകളിലേക്കായിരുന്നു. പാഠ്യേതര ജ്ഞാനത്തിന്റെ മുഖം നോക്കിയ ഏഴ് നാളുകള്‍ നീണ്ടുനിന്ന ഉത്സവത്തിനൊടുവില്‍ കനക കിരീടത്തില്‍ മുത്തമിട്ടവരോടൊപ്പം ചില താര പിറവികള്‍ക്ക് കൂടിയാണ് കലാ കേരളം സാക്ഷിയായത്.
55 ാം സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം സമാപിക്കുന്നത് നഗരിയില്‍ നിന്നുയര്‍ന്ന ചില ചോദ്യങ്ങളുമായാണ്. മത്സരിക്കുന്നവര്‍ക്കൊക്കെ ഗ്രേഡ് നല്‍കുന്നെങ്കില്‍ പിന്നെന്തിനീ മേള?, മേളയുടെ സമയക്രമം തെറ്റിക്കുന്ന അപ്പീലുകളെ എങ്ങിനെ നിയന്ത്രിക്കാനാകും?, വിവാദങ്ങളില്ലാത്ത വിധി നിര്‍ണയം എങ്ങിനെ സാധ്യമാകും?, മേളയുടെ അണിയറയില്‍ ലക്ഷങ്ങള്‍ കിലുങ്ങുമ്പോള്‍ സാധാരണക്കാരായ വിദ്യാര്‍ഥികളെ മേളാമുറ്റങ്ങളിലേക്ക് എങ്ങനെ തിരിച്ചുകൊണ്ടുവരും…? ഇത്തരം കാതലായ ചോദ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ മറുപടി നല്‍കേണ്ടത് ബന്ധപ്പെട്ടവരാണ്.