Connect with us

Kerala

ബാര്‍ കോഴ: ആരോപണങ്ങള്‍ നാഥനില്ലാത്തത്- ഉമ്മന്‍ ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ പുതുതായി ഉയര്‍ന്നുവന്ന വെളിപ്പെടുത്തലുകള്‍ പൂര്‍ണമായി തള്ളിയും ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിക്ക് പിന്തുണ പ്രഖ്യാപിച്ചും മുഖ്യമന്ത്രി രംഗത്തെത്തി. കോഴ ആരോപണങ്ങള്‍ സ്ഥിരീകരിക്കും വിധം ഉയര്‍ന്നുവന്ന ശബ്ദരേഖ വാര്‍ത്തകളെ പൂര്‍ണമായും നിഷേധിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
നാഥനില്ലാത്ത ആരോപണങ്ങളാണ് ബാര്‍ കോഴ വിഷയത്തില്‍ ഉന്നയിക്കുന്നത്. ആരോപണവുമായി രംഗത്തുവന്നിട്ടുള്ളവര്‍ വിവരങ്ങള്‍ തുറന്നു പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന പല ചോദ്യങ്ങളും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാനും മുഖ്യമന്ത്രി തയ്യാറായില്ല. ബാര്‍കോഴ പ്രശ്‌നത്തില്‍ ഇത്രയും വിവാദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തതെന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരോപണങ്ങള്‍ക്ക് ഏതെങ്കിലും നാഥനുണ്ടാകട്ടെ, അപ്പോള്‍ മറുപടി പറയാം എന്നായിരുന്നു മറുപടി.
ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധനമന്ത്രിയുടെ രാജി ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് എന്തിനെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ബാര്‍കോഴ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാറിന് ധനമന്ത്രിയെ പൂര്‍ണ വിശ്വാസമാണെന്ന് താന്‍ വ്യക്തമായി പറഞ്ഞതാണ്. മുന്നണിയിലും ഇക്കാര്യത്തില്‍ ഭിന്നതയില്ല. ഇപ്പോഴത്തേത് ആരോപണങ്ങള്‍ മാത്രമാണ്. പറയാന്‍ ബാറുടമകളും എഴുതാന്‍ നിങ്ങള്‍ മാധ്യമങ്ങളും. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അടുത്ത ബജറ്റ് കെ എം മാണി തന്നെ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരികയാണല്ലോയെന്ന ചോദ്യത്തിന് അങ്ങനെ പറഞ്ഞിട്ട് കാര്യമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങള്‍ ശബ്ദരേഖയില്‍ ഉള്ളകാര്യങ്ങള്‍വച്ചാണ് സംസാരിക്കുന്നത്. അത് മൊഴിയാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. അതുവെച്ച് കേസ് അന്വേഷിക്കാന്‍ കഴിയില്ല. ആരോപണമുള്ളവര്‍ അത് തുറന്നുപറയണം. കെ എം മാണിക്കെതിരായി ഒരു ബാറുടമയും മൊഴി നല്‍കിയിട്ടില്ല.
അദ്ദേഹത്തിനെ ന്യായീകരിക്കുന്ന തരത്തിലാണ് മൊഴികള്‍. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും വിവാദത്തില്‍ മാണിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയോ അന്വേഷണം നടത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുമുള്ള ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായി ഉത്തരം നല്‍കിയില്ല. കാശ് നല്‍കിയെന്ന മൊഴിയില്‍ ബിജു രമേശ് ഉറച്ചുനില്‍ക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 10 ലക്ഷം നല്‍കിയെന്ന ആരോപണത്തില്‍ ബിജു രമേശ് ഉറച്ചുനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ക്യാബിനറ്റ് റാങ്കുള്ള മുന്നണിയുടെ ഭാഗമായ ബാലകൃഷ്ണപിള്ളയുടെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 28ന്റെ യു ഡി എഫ് യോഗം കഴിയട്ടെയെന്നായിരുന്നു മറുപടി. സുരക്ഷക്ക് ഭീഷണിയുണ്ടെന്ന ബിജുരമേശിന്റെ ആക്ഷേപം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബിജു രമേശിന്റെ സുരക്ഷയില്‍ ഇതുവരെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിള്ള നേരിട്ട് കണ്ടെന്ന വാദം മുഖ്യമന്ത്രി വീണ്ടും നിഷേധിച്ചു.