Connect with us

Malappuram

ദേശീയ ഗെയിംസിനെ വരവേറ്റ് 'റണ്‍ കേരള റണ്‍' കൂട്ടയോട്ടം

Published

|

Last Updated

മലപ്പുറം: ദേശീയ ഗെയിംസിനെ വരവേറ്റ് “റണ്‍ കേരള റണ്‍” കൂട്ടയോട്ടം ജില്ലയില്‍ ശ്രദ്ധേയമായി. ദേശീയ ഗെയിംസിന്റെ മികച്ച സംഘാടനത്തിലൂടെ കായിക രംഗത്തും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണെന്ന് നഗരകാര്യ- ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. 27 വര്‍ഷത്തിനു ശേഷം കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ സംസ്ഥാനത്തുടനീളം നടത്തിയ റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന്റെ ജില്ലാ ആസ്ഥാനത്തെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് പല മേഖലകളിലും കേരളം ഇന്ത്യക്ക് മാതൃകയാണ്. ദേശീയ ഗെയിംസിലൂടെയും റണ്‍ കേരള റണ്‍ പോലുള്ള വേറിട്ട പരിപാടികളിലൂടെയും കായിക രംഗത്തും നാം മാതൃക സൃഷ്ടിക്കുന്നു.
കായിക മേഖലയില്‍ ലോക നിലവാരത്തില്‍ ഇന്ത്യ പിന്നിലാണ്. എന്നാല്‍ ഈ രീതിയില്‍ മുന്നേറിയാല്‍ സ്‌പോര്‍ട്‌സ് രംഗത്തും ലോകത്തെ കീഴടക്കാന്‍ ഇന്ത്യക്ക് അധിക കാലം വേണ്ടിവരില്ലെന്ന് മന്ത്രി പറഞ്ഞു. അഞ്ചിടങ്ങില്‍ നിന്നുള്ള കൂട്ടയോട്ടങ്ങളാണ് മലപ്പുറം കുന്നുമ്മല്‍ ജംഗ്ഷനില്‍ സംഗമിച്ചത്. ഒളിമ്പ്യന്‍ കെ ടി ഇര്‍ഫാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്, പി ഉബൈദുല്ല എം എല്‍ എ, ജില്ലാ കലക്ടര്‍ കെ ബിജു സംസാരിച്ചു. ജില്ലാ കലക്ടറേറ്റ് പരിസരത്ത് നിന്നുള്ള കൂട്ടയോട്ടം മന്ത്രി മഞ്ഞളാംകുഴി അലി ഫഌഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്, പി ഉബൈദുല്ല എം എല്‍ എ, നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, ഉമ്മര്‍ അറക്കല്‍, ജില്ലാ കലക്ടര്‍ കെ ബിജു, എ ഡി എം. എം ടി ജോസഫ് പങ്കെടുത്തു. മലപ്പുറം കേന്ദ്രീയ വിദ്യാലയം, എ യു പി സ്‌കൂള്‍, സെന്റ് ജെമ്മാസ്, എം എസ് പി എന്നിവിടങ്ങളില്‍ നിന്നുള്ള റണ്‍ കേരള റണ്‍ സംഘങ്ങളും കുന്നുമ്മല്‍ ജംഗ്ഷനിലാണ് സംഗമിച്ചത്.

Latest