Connect with us

Kozhikode

കാഴ്ചയില്ലെങ്കിലും അന്‍സാറും നൗഫലും കലോത്സവം 'കണ്ണുനിറച്ച് കണ്ടു'

Published

|

Last Updated

കോഴിക്കോട്: ഇരുട്ടിന്റെ തിക്കും തിരക്കുമാണ് മുന്നില്‍. പക്ഷേ, അന്‍സാറും നൗഫലും കലോത്സവം കണ്ണുനിറച്ചു കണ്ടു. കോഴിക്കോട് ഫാറൂഖ് കോളജിലെ ഡിഗ്രി ഒന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയായ നൗഫലും സോഷ്യോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അന്‍സാറും ബി സോണ്‍ മിമിക്രി മത്സരത്തിന്റെ പരിശീലനവും കൂടി ലക്ഷ്യമിട്ടാണ് മത്സരത്തിന് വേദിയായ പ്രൊവിഡന്‍സ് സ്‌കൂളിലെത്തിയത്.
എറണാകുളം സ്വദേശി അക്ബര്‍-റംലത്ത് ദമ്പതികളുടെ മകനായ നൗഫല്‍ ചെറുപ്രായത്തില്‍ സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രി അവതരിപ്പിച്ചിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മെനഞ്ചിസിറ്റ് രോഗത്തെ തുടര്‍ന്നാണ് കാഴ്ച നഷ്ടമായത്. നിരവധി ആല്‍ബങ്ങളില്‍ പാട്ടെഴുതി ഈ മിടുക്കന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ നിരവധി തവണ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പത്താം ക്ലാസ് വരെ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് പാസായത്.
പൊന്നാനിയിലെ അബ്ദു-നൂര്‍ജഹാന്‍ ദമ്പതികളുടെ മകനായ അന്‍സാര്‍ ജന്മനാ അന്ധനായിരുന്നു. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ നിരവധി തവണ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. മുപ്പതോളം അന്ധ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഫാറൂഖ് കോളജില്‍ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇന്‍സൈറ്റ് എന്ന സംഘടനക്ക് ചുക്കാന്‍ പിടിക്കുന്നത് നൗഫലും അന്‍സാറുമാണ്.

---- facebook comment plugin here -----

Latest