Connect with us

National

ഇരുമ്പയിര് ഖനനം: ജനാര്‍ദന്‍ റെഡ്ഢിക്ക് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: ഖനി പ്രമുഖനും കര്‍ണാടക മുന്‍ മന്ത്രിയുമായ ജനാര്‍ദന്‍ റെഡ്ഢിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. നിയമവിരുദ്ധമായി ഖനനം നടത്തിയ കേസില്‍ ആരോപണവിധേയനാണ് ജനാര്‍ദന്‍ റെഡ്ഢിയും ഇദ്ദേഹത്തിന്റെ കീഴിലുള്ള ഓബുലാപുരം മൈനിംഗ് കമ്പനി (ഒ എം സി)യും. റെഡ്ഢി ഉള്‍പ്പെട്ട ഖനന അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായി എന്ന് സി ബി ഐ അറിയിച്ചതോടെയാണ് കോടതി ജാമ്യം നല്‍കിയത്.
അന്വേഷണ ഏജന്‍സിക്ക് ജാമ്യം നല്‍കുന്നതില്‍ തടസ്സമില്ല. അതുകൊണ്ട് സുപ്രീം കോടതിയും റെഡ്ഢിക്ക് ജാമ്യം നല്‍കുന്നു.”ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ എ കെ സിക്രിയും അരുണ്‍ മിശ്രയും ഉള്‍ക്കൊള്ളുന്ന ബഞ്ച്, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗിന്റെ സബ്മിഷന്‍ രേഖപ്പെടുത്തി.
ഉപാധികളോടെയാണ് റെഡ്ഢിക്ക് ജാമ്യം അനുവദിച്ചത്. പത്ത് ലക്ഷം രൂപയുടെ ജാമ്യത്തുകക്കു പുറമെ പാസ്‌പോര്‍ട്ട് നല്‍കണം. രാജ്യത്തിന്റെ പുറത്തു പോകാന്‍ സുപ്രീം കോടതിയുടെ അനുമതിയും തേടണം. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യരുതെന്നും ബഞ്ച് ആവശ്യപ്പെട്ടു. ജാമ്യപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് 2013ലാണ് റെഡ്ഢി സുപ്രീം കോടതിയെ സമീപിച്ചത്.
വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റെഡ്ഢിയെയും ഓബുലാപുരം മൈനിംഗ് കമ്പനിയുടെ എം ഡിയും ബന്ധുവുമായ ബി വി ശ്രീനിവാസന്‍ റെഡ്ഢിയേയും 2011 സെപ്തംബര്‍ അഞ്ചിന് കര്‍ണാടകയിലെ ബെല്ലാരിയില്‍ വെച്ചാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുവരികയായിരുന്നു. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലും കര്‍ണാടകയിലെ ബെല്ലാരിയിലും വ്യാപിച്ചുകിടക്കുന്ന ബെല്ലാരി റിസര്‍വ് വനമേഖലയില്‍ നിയമവിരുദ്ധമായി ഖനനം നടത്തിയെന്നാണ് ഒ എം സിക്കെതിരെയുള്ള കേസ്.