Connect with us

Wayanad

എം ആര്‍ എസുകളിലും ഹോസ്റ്റലുകളിലും മന്ത്രി ജയലക്ഷ്മിയുടെ മിന്നല്‍ സന്ദര്‍ശനം; അഞ്ച് പേര്‍ക്കെതിരെ നടപടി

Published

|

Last Updated

കല്‍പ്പറ്റ: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയുടെ മിന്നല്‍ പരിശോധന. ജോലിയില്‍ വീഴ്ച വരുത്തിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതോ ബിശ്വാസിന് നിര്‍ദ്ദേശം നല്‍കി.
തിരുനെല്ലി ആശ്രമം സ്‌കൂള്‍, ഹോസ്റ്റല്‍, നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍, അഞ്ചുകുന്ന് പ്രീമെട്രിക് ഹോസ്റ്റല്‍, പനമരം ബോയ്‌സ് ഹോസ്റ്റല്‍, പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ സന്ദര്‍ശനവും മിന്നല്‍പരിശോധനയും നടത്തിയത.്
അന്തേവാസികളുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. തിരുനെല്ലി എം.ആര്‍.എസ്.ലെ രണ്ട് ഫുള്‍ടൈം സ്വീപ്പര്‍മാര്‍, സീനിയര്‍ സൂപ്രണ്ട്, അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകന്‍, പനമരം ബോയ്‌സ് ഹോസ്റ്റലിലെ കുക്ക് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. വളരെ പരിതാപകരമായ അവസ്ഥയിലാണ് പല ഹോസ്റ്റലുകളിലും കുട്ടികള്‍ കഴിഞ്ഞിരുന്നത്.
വൃത്തിഹീനമായ അന്തരീക്ഷം, ജീവനക്കാരുടെ കൃത്യവിലോപം, അവധി എഴുതി നല്‍കാതെ ജോലിയില്‍ പ്രവേശിക്കാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ജോലിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. കേരളത്തില്‍ ഉടനീളം മിന്നല്‍ പരിശോധന ഉണ്ടാവുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുനെല്ലി ആശ്രമം സ്‌കൂളില്‍ രണ്ട് ഫുള്‍ടൈം സ്വീപ്പര്‍മാര്‍ ഉണ്ടായിട്ടും ദിവസങ്ങളായി ഇവിടെ വൃത്തിയാക്കല്‍ ജോലികള്‍ നടന്നിരുന്നില്ല. നല്ലൂര്‍നാടില്‍ വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് കോച്ചിംഗ് നല്‍കുന്നതിനായി നിയമിച്ചിരുന്ന താല്‍ക്കാലിക അധ്യാപകനാണ് അവധി എടുക്കാതെ മുങ്ങിയത്. അഞ്ചുകുന്നില്‍ ജീവനക്കാര്‍ എല്ലാം ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ല. പനമരത്ത് കുക്കാണ് കൃത്യവിലോപത്തില്‍ വീഴ്ചവരുത്തിയത്. മറ്റ് ജീവനക്കാരില്‍ ചിലര്‍ നടപടിയില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥര്‍ എണ്ണത്തില്‍ കുറവായ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ പലപ്പോഴും ഇത്തരം വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വളരെ കുറവായിരുന്നു. ഇത് ചൂഷണം ചെയ്താണ് പല ഓഫീസര്‍മാരും മുങ്ങിയിരുന്നത്.

Latest