Connect with us

National

കിരണ്‍ ബേദി ഡല്‍ഹിയില്‍ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

Published

|

Last Updated

ന്യൂഡല്‍ഹി: കിരണ്‍ ബേദിയുടെ നേതൃത്വത്തില്‍ ബി ജെ പി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടും. ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം അധ്യക്ഷന്‍ അമിത് ഷായാണ് ഔദ്യോഗികമായി കിരണ്‍ ബേദിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഇതോടെ ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള മാറ്റുരക്കലാവും തിരഞ്ഞെടുപ്പെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. എന്നാല്‍ എ എ പിയില്‍ നിന്ന് കൂറുമാറി എത്തുന്ന കിരണ്‍ ബേദിയെ നേതാവായി ഉയര്‍ത്തിക്കാട്ടുന്നതിലെ അനൗചിത്വം ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവരുടെ എതിര്‍പ്പും അമര്‍ഷവും ശക്തമായാല്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് അത് തിരിച്ചടിയാകുമോ എന്ന ആശങ്കയും നേതാക്കളില്‍ ചിലര്‍ക്കില്ലാതെയില്ല. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി കിര്‍ണ്‍ ബേദിയെ ഉയര്‍ത്തിക്കാട്ടാനുള്ള നീക്കത്തില്‍ ബി ജെ പിയില്‍ നേരത്തെ ഭിന്നത തല പൊക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ രാത്രി അടിയന്തിരമായി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നത്. കെജ്‌രിവാളിനെതിരെ കിരണ്‍ ബേദിയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിടാനുള്ള പാര്‍ട്ടി നീക്കത്തോട് ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി അതൃപ്തി അറിയിച്ചിട്ടുണ്ട്. ബി ജെ പി യുടെ നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള എം പി മനോജ് തീവാരിയാണ് ഇതിനെതിരെ ആദ്യമായി രംഗത്ത് വന്നത്.

Latest