Connect with us

Kerala

ബാര്‍ കോഴ: ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള പുതിയ വെളിപ്പെടുത്തലുകളുമായി നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായി. ആരോപണമുന്നയിച്ച് രംഗത്തുവന്ന ബിജു രമേശുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും കേരളാ കോണ്‍ഗ്രസ്- ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയും സംസാരിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ബാര്‍കോഴ കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്ന ശബ്ദരേഖ, യു ഡി എഫ് സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കും.

ധനമന്ത്രി കെ എം മാണി ബാറുടമകളില്‍ നിന്നും മറ്റു വ്യവസായികളില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തത് തനിക്ക് അറിയാമെന്നും കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബിജു രമേശ് മുന്നോട്ടുപോകണമെന്നും സംഭാഷണത്തില്‍ ബാലകൃഷ്ണ പിള്ള ആവശ്യപ്പെടുന്നു. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് മാണിയെ വിടരുതെന്നും പറയുന്നുണ്ട്. 2014 നവംബര്‍ ഒന്നിന് നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മാണിക്കെതിരെയും സര്‍ക്കാറിനെതിരെയും പിള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നത്. മന്ത്രി കെ എം മാണിക്ക് ബാര്‍കോഴ കേസില്‍ പങ്കുണ്ടെന്ന് വെളിവാക്കുന്ന ഫോണ്‍ രേഖകള്‍ തന്റെ പക്കലുണ്ടെന്ന് ബിജു രമേശ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുസാധൂകരിക്കുന്ന തരത്തിലാണ് പിള്ളയുടെ സംഭാഷണം.
പിള്ളയുടെ സംഭാഷണത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ: മാണിക്ക് നല്‍കാന്‍ ബാറുടമകള്‍ 19 കോടിയോളം പിരിച്ചു. കൊട്ടാരക്കരയിലെ ബാറുകാര്‍ രണ്ട് ലക്ഷം വീതമാണ് നല്‍കിയത്. സ്വര്‍ണക്കടക്കാരും ബേക്കറി ഉടമകളുടെ സംഘടനയും റൈസ് മില്ലുകാരും നികുതിയിളവിനും മറ്റുമായി മാണിക്ക് കോഴ നല്‍കി. കോഴ നല്‍കാന്‍ പോകുംവഴി റൈസ് മില്ലുകാര്‍ കൊട്ടാരക്കരയിലെ വസതിയില്‍ വന്നിരുന്നു. മാണിയുടെ നേതൃത്വത്തില്‍ നടന്ന കോഴയിടപാടിനെ കുറിച്ച് കെ ബി ഗണേഷ് കുമാറിനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അറിയാം. കോഴക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ താടിക്ക് കൈയും കൊടുത്ത് ഇരുന്നതായി പിള്ളയുടെ പരിഹാസവും സംഭാഷണത്തിലുണ്ട്.
ഇതിനിടെ, കേസില്‍ മൊഴിമാറ്റാന്‍ ബിജു രമേശിനെ ബന്ധപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന പി സി ജോര്‍ജിന്റെ വാദം കള്ളമാണെന്ന് തെളിയിക്കുന്നതാണ് പി സി ജോര്‍ജുമായുള്ള സംഭാഷണം. നവംബര്‍ രണ്ടിന് ബിജു രമേശുമായി ജോര്‍ജ് നടത്തിയ ഫോണ്‍ സംഭാഷണം ആരംഭിക്കുന്നതു തന്നെ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന ആവശ്യവുമായാണ്. താന്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് ജോര്‍ജിന് അറിവുള്ളതാണല്ലോ എന്ന ബിജുവിന്റെ ചോദ്യത്തിന് ചിരിയായിരുന്നു മറുപടി. മാണിസാറിനെ രക്ഷിക്കാന്‍ താന്‍ പലതും പറയുമെങ്കിലും അതിലൊന്നും കാര്യമില്ലെന്നും ജോര്‍ജ് പറയുന്നുണ്ട്. മാണി കോഴ വാങ്ങിയെന്ന ബിജുവിന്റെ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ജോര്‍ജിന്റെ ഭാഗത്തുനിന്നുമുള്ളതെന്നതും ശ്രദ്ധേയമാണ്. ബിജുവിനെ താന്‍ വിളിച്ചിട്ടില്ലെന്നും ഒരു പാര്‍ട്ടി അനുഭാവി അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് വിളിച്ച് ബിജുവിന് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ കട്ട് ചെയ്‌തെന്നുമായിരുന്നു ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നത്.
കോഴ നല്‍കിയത് സംബന്ധിച്ച് ബാര്‍ അസോസിയേഷന്‍ യോഗത്തിലെ വെളിപ്പെടുത്തലും ചര്‍ച്ചയുടെ വിശദാംശങ്ങളടങ്ങിയ സി ഡിയും കൈമാറാനായി വിജിലന്‍സ് ഡയറക്ടര്‍ എ ഡി ജി പി വിന്‍സന്‍ എം പോളിനോട് കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കാണാന്‍ കൂട്ടാക്കിയില്ലെന്ന് ബിജു രമേശ് പറഞ്ഞു.
സ്ഥലത്തില്ലെന്നും കേസിന്റെ അന്വേഷണച്ചുമതലയുള്ള വിജിലന്‍സ് എസ് പി സുകേശനെ കാണണമെന്നുമായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം. സുകേശനെ ബന്ധപ്പെട്ടപ്പോഴും സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം