Connect with us

Kozhikode

മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ദേശീയ ഗെയിംസ് താരങ്ങള്‍ മര്‍ദിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചീഫ് റിപ്പോര്‍ട്ടര്‍ എല്‍ദോ പോള്‍ പുതുശേരി, വിഷ്വല്‍ എഡിറ്റര്‍ ഷെബിന്‍, ക്യാമറാമാന്‍ മനു റോയ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ക്കാണ് ദേശീയ ഗെയിംസ് ബീച്ച് ഹാന്റ് ബോള്‍ കേരളാ ടീം അംഗങ്ങളില്‍ നിന്നും മര്‍ദനമേറ്റത്.
നഗരത്തില്‍ കല്ലായി റോഡിലെ ഒരു സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ താമസിക്കുന്നതിനിടെയാണ് മര്‍ദനമേറ്റതെന്ന് ചാനല്‍ അധികൃതര്‍ ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കായികതാരങ്ങള്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 11.50 ഓടെയാണ് സംഭവം. സ്‌കൂള്‍ കലോത്സവത്തിനായി മുറിയെടുത്ത് താമസിക്കുകയായിരുന്ന ചാനല്‍ സംഘത്തെ മദ്യലഹരിയില്‍ ആയിരുന്ന കായിക താരങ്ങള്‍ ആദ്യം പരിഹസിക്കുകയും പിന്നീട് മര്‍ദിക്കുകയും ചെയ്തതായാണ് പരാതി. സ്റ്റീല്‍ ജഗ്ഗ് ഉപയോഗിച്ച് അടിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. അരുണ്‍കുമാര്‍, ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് മര്‍ദിച്ചതെന്ന് ചാനല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest