Connect with us

Palakkad

നെല്ലിയാമ്പതിയില്‍ ടൂറിസം വികസനം സ്തംഭനാവസ്ഥയില്‍

Published

|

Last Updated

നെന്മാറ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ ടൂറിസം വികസനം സ്തംഭനാവസ്ഥയില്‍. രണ്ട് പതിറ്റാണ്ട് മുമ്പ് ജില്ലാഭരണകൂടം പദ്ധതിയിട്ട വികസന പ്രവര്‍ത്തനങ്ങളൊന്നും നടപ്പായിട്ടില്ല.വിനോദ സഞ്ചാര പോയന്റുകള്‍ പലതും സ്വകാര്യ എസ്‌റ്റേറ്റുകളുടെ അധീനതയിലാണ്.
ഇവയൊന്നും വനം വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചില്ല.
ടൂറിസം വികസനത്തിനായി നെന്മാറ മുതല്‍ കൈകാട്ടി വരെ 32 കോടിയോളം രൂപ മുടക്കി റോഡ് വികസനം നടത്തി എന്നതുമാത്രമാണ് ആകെയുള്ള നേട്ടം.റോഡ് പണി നാല് വര്‍ഷം മുമ്പ് പൂര്‍ത്തിയായെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വനപാതകള്‍ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്.
നെല്ലിയാമ്പതിയിലത്തെുന്ന സന്ദര്‍ശകര്‍ക്ക് ടൂറിസം വകുപ്പിന്റെയോ വനം വകുപ്പിന്റെയോ ഭാഗത്തുനിന്ന് ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം ലഭിക്കുന്നില്ല.പാലക്കാട് ടൗണിലത്തെുന്ന മറുനാടന്‍ സന്ദര്‍ശകര്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസില്‍ നിന്നും ലഭിക്കുന്ന വെറും ലഘുലേഖ മാത്രമാണ് ഏക ആശ്രയം.
അതിലാണെങ്കില്‍ നെല്ലിയാമ്പതിയിലെ പ്രധാന ടൂറിസം പോയന്റുകളെക്കുറിച്ച് ഒരു വിവരവുമില്ല.
നെല്ലിയാമ്പതിയില്‍ പതിനഞ്ചോളം പ്രധാനപ്പെട്ട ടൂറിസം പോയന്റുകളുണ്ടെങ്കിലും ഇവയില്‍ പകുതിയോളം എണ്ണങ്ങളില്‍ മാത്രമാണ് ടൂറിസ്റ്റുകള്‍ക്ക് എത്താന്‍ കഴിയാറുളളു.
മറ്റുള്ളവയെ കുറിച്ച് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന അവ്യക്തമായ വിവരങ്ങള്‍ മാത്രമാണ് ലഭക്കുന്നത്.
മാന്‍പാറ, മിന്നാമ്പാറ എന്നീ വിനോദസഞ്ചാര പോയന്റുകളില്‍ ഇപ്പോഴും സന്ദര്‍ശക വിലക്ക് നിലനില്‍ക്കുകയാണ്.
ഹില്‍ടോപ്പിലേക്ക് നൂറടി വഴിയുള്ള പാത വികസിപ്പിക്കാനുള്ള ശ്രമവും എവിടെയുമത്തെിയിട്ടില്ല. മുന്‍ സര്‍ക്കാറുകള്‍ വിഭാവനം ചെയ്ത ഇക്കോ ടൂറിസം, ഫാം ടൂറിസം പദ്ധതികളൊന്നും വിജയം വരിച്ചിട്ടില്ല.
സര്‍ക്കാറിന് വന്‍തോതില്‍ വരുമാനം ലഭിക്കാവുന്ന ടൂറിസം കേന്ദ്രമാണ് ഇവിടെയുള്ളത്.
ടൂറിസം വികസനത്തില്‍ അധികാരികള്‍ കാണിക്കുന്ന അലംഭാവം വന്‍ വരുമാന നഷ്ടം ഉണ്ടാക്കുന്നു.