Connect with us

Kerala

കോഴ: ബാര്‍ ഉടമകള്‍ രണ്ട് തട്ടില്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബാര്‍ ഉടമ ബിജു രമേശിനെ പിന്തുണച്ചിരുന്ന ബാര്‍ അസോസിയേഷന്‍ മലക്കം മറിയുന്നു. കേസില്‍ വിജിലന്‍സ് മൊഴിയെടുക്കല്‍ പുരോഗമിക്കവെയാണ് ബാര്‍ ഉടമകള്‍ക്കിടയില്‍ ഭിന്നത പ്രകടമായത്. കെ എം മാണിക്കെതിരായ ആരോപണത്തില്‍ ബിജു രമേശിനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെ ഭാരവാഹികള്‍ മലക്കം മറിഞ്ഞു.
പണം നല്‍കാന്‍ ഒപ്പം പോയെന്ന് ബിജു രമേശ് പറഞ്ഞ കോട്ടയത്തെ എലഗന്റ് ബാര്‍ ഉടമ ബിനോയ്, ബിജു രമേശിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വ്യക്തികള്‍ നടത്തുന്ന കേസില്‍ അസോസിയേഷന്‍ തെളിവു നല്‍കേണ്ടെന്നും തെളിവുകള്‍ ഉണ്ടെങ്കില്‍ ബിജു രമേശ് ഹാജരാക്കണമെന്നുമാണ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ പക്ഷം.
അതിനിടെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തലും ബിജു രമേശ് നടത്തി. പോലീസ് യാതൊരു തരത്തിലുള്ള സംരക്ഷണവും നല്‍കുന്നില്ല. ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ് ബാര്‍കോഴയില്‍ പങ്കുള്ള മറ്റ് മന്ത്രിമാരുടെ പേര് പുറത്തു പറയാത്തതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ എല്ലാ പേരുകളും പുറത്തു വിടും. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ആരോപണമുന്നയിച്ച് അവരെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സത്യസന്ധരായ വിജിലന്‍സ് ഉദ്യോഗസ്ഥരെപ്പോലും കള്ളക്കേസില്‍ കുടുക്കി കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയും സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അതിന്റെ ഭാഗമാണ് എ ഡി ജി പി ജേക്കബ് തോമസിനെതിരെ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. മാണിയുടെ കീഴിലുള്ള നിയമവകുപ്പാണ് ഇതിന് പിന്നില്‍. ശരിയായി കേസ് അന്വേഷിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെങ്കില്‍ അന്വേഷണം സി ബി ഐക്ക് കൈമാറണം. സര്‍ക്കാര്‍ അതിന് തയ്യാറല്ലെങ്കില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും രമേശ് വ്യക്തമാക്കി.
കെ സി ബി സി മദ്യ വിരുദ്ധ സമിതിക്കെതിരെയും ബിജു രമേശ് ശക്തമായ ആരോപണം ഉന്നയിച്ചു. മദ്യവിരുദ്ധ സമിതിയുടെ സ്‌പോണ്‍സര്‍മാര്‍ ബാറുടമകളാണ്. സമിതിയുടെ ഭാരവാഹിയായ ഫാ. ടി ജെ ആന്റണിയെ ബാറുകള്‍ക്കെതിരായ സമരത്തിനായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതു ബാറുടമയാണ്.
ക്രൈസ്തവ സഭാ അധ്യക്ഷന്മാര്‍ 418 ബാറുകള്‍ പൂട്ടണമെന്ന് മാത്രമാണ് പറയുന്നത്. ശേഷിക്കുന്ന 312 ബാറുകളെ കുറിച്ച് അവര്‍ ഒന്നും മിണ്ടുന്നില്ല. 418 ബാറുകള്‍ ഈഴവ സമുദായത്തില്‍ പെട്ടവരുടേതാണ്. അവരുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രൈസ്തവ പുരോഹിതര്‍ ബാറുകള്‍ പൂട്ടാന്‍ ആവശ്യപ്പെടുന്നത്. 312 ബാറുകളില്‍ ഏറിയ പങ്കും ക്രിസ്ത്യാനികളുടേതായതിനാലാണ് പൂട്ടാന്‍ അവര്‍ ആവശ്യപ്പെടാത്തത്. മദ്യത്തിന് പോലും മതത്തിന്റേയും ജാതിയുടേയും പരിവേഷം വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ബാറുകള്‍ പൂട്ടണമെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് സമ്പൂര്‍ണ മദ്യനിരോധം ആവശ്യപ്പെടാത്തതെന്നും ബിജു രമേശ് ചോദിച്ചു.
മാണിക്ക് ഒരു കോടി രൂപ നല്‍കിയെന്ന് ബിജു രമേശ് ആരോപിച്ച നാലംഗ സംഘത്തിലുണ്ടായിരുന്ന ധനേഷ്, അനിമോന്‍ എന്നിവരുടെ മൊഴിയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയും വൈസ് പ്രസിഡന്റ് കൃഷ്ണദാസും നാളെ മൊഴി നല്‍കും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം