Connect with us

Editorial

ക്രൂഡ് വിലയിടിവ് ആശ്വാസകരമോ?

Published

|

Last Updated

ഏത് വിലക്കുറവും കേവലാര്‍ഥത്തില്‍ ആശ്വാസകരമാണ്. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള വരുമാനത്തില്‍ കൂടുതല്‍ വാങ്ങാന്‍ അത് അവസരമൊരുക്കുന്നു. ഇതുവരെ അടക്കിവെച്ചിരുന്ന ഉപഭോഗ ആവശ്യങ്ങളെ നിവര്‍ത്തിക്കുന്നതിനും അത് വഴിയൊരുക്കുന്നു. വിലക്കുറവ് അത്യാവശ്യ വസ്തുവിനാണെങ്കില്‍ ഈ ആശ്വാസം കൂടുതല്‍ അനുഭവേദ്യമാകും. എന്നാല്‍ ആഴത്തില്‍ ചിന്തിച്ചാല്‍, വില കുറഞ്ഞുകൊണ്ടേയിരിക്കുകയെന്നത് സാമ്പത്തിക ആരോഗ്യത്തിന്റെ ലക്ഷണമല്ല. വസ്തുവിന്റെ ഉത്പാദനം കൂടിയതുകൊണ്ട് മാത്രമായിക്കൊള്ളണമെന്നില്ല വില കുറയുന്നത്. ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറഞ്ഞത്‌കൊണ്ടാകാം. അവര്‍ വാങ്ങല്‍ മാറ്റിവെക്കുന്നത് കൊണ്ടാകാം. ഇതൊന്നുമല്ലാത്ത രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാകാം. അങ്ങനെവരുമ്പോള്‍ എല്ലാ വിലയിടിവിലും സന്തോഷിക്കാനാകില്ല. അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണ വില കുത്തനെ ഇടിയുന്ന പശ്ചാത്തലത്തിലാണ് ഈ സാമ്പത്തിക ശാസ്ത്രം ഏറെ പ്രസക്തമാകുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ളവയില്‍ നിന്നുള്ള പണ ഒഴുക്കിന്റെ പിന്‍ബലത്തില്‍ നീങ്ങുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍ ഈ സാഹചര്യങ്ങളെ അങ്ങേയറ്റം ദീര്‍ഘദര്‍ശനത്തോടെയും അവധാനതയോടെയും വിശകലനം ചെയ്യാനുള്ള ബാധ്യത സര്‍ക്കാറിനും അതിന്റെ നയം രൂപവത്കരിക്കുന്നവര്‍ക്കും ആര്‍ ബി ഐക്കും ഒക്കെയുണ്ട്.
അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് വില ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. 2008 ജൂലൈയില്‍ എണ്ണ വില ബാരലിന് 145 ഡോളര്‍ ആയിരുന്നിടത്ത് ഇപ്പോള്‍ 45 ഡോളര്‍ എത്തി നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ നാല്‍പ്പതിലേക്ക് താഴുമെന്നാണ് പ്രവചനം. ഈ സ്ഥിതിവിശേഷം തുടര്‍ന്നാല്‍ പരമ്പരാഗത എണ്ണ ഉത്പാദകരായ ഗള്‍ഫ് രാജ്യങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും. അവരുടെ ഉത്പന്നത്തിന് വില കുറയുന്നതോടെ അവിടെ നിര്‍മാണ മേഖലയിലും വ്യാപാരമേഖലയിലും പണമിറങ്ങുന്നത് കുറയും. ഇത് തൊഴില്‍ മേഖലയില്‍ വന്‍ മരവിപ്പ് ഉണ്ടാക്കും. ഇതിന്റെ ആദ്യത്തെ ഇരകളാകുക മലയാളികളായ പ്രവാസികളായിരിക്കും. ഇപ്പോള്‍ തന്നെ എണ്ണ വിലയിടിവിന്റെ നേരിയ ആശങ്ക അവിടെ പടര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇന്നത് ആഴത്തില്‍ ചിന്തിക്കുന്നവര്‍ക്കിടയിലുള്ള ഭയം മാത്രമാണ്. ഭാവിയില്‍ ആ ഭയാശങ്കകള്‍ ശരിയായിരുന്നുവെന്ന് വരാം. ഉടനടി മാന്ദ്യം സംഭവിക്കുമെന്നോ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്നോ ഗള്‍ഫില്‍ നിന്നുള്ള പണം വരവ് നിലക്കുമെന്നോ അല്ല പറയുന്നത്. എന്നാല്‍ ഒരു സാമ്പത്തിക പ്രതിഭാസത്തിന്റെ എല്ലാ വശങ്ങളിലേക്കും ചിന്ത പോകുന്നത് ഭാവിയിലേക്കുള്ള മുന്‍കരുതലിന് ഗുണകരമായിരിക്കും.
ഇപ്പോഴത്തെ എണ്ണ വിലയിടിവിന് മൂന്ന് കാരണങ്ങളാണ് പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പ്രകൃതിവാതകത്തിനും പകരം വെക്കാവുന്ന വിശാലമായ ഇന്ധന സ്രോതസ്സ് അമേരിക്കയില്‍ കണ്ടെത്തിയെന്നതും അവ പുറത്തെടുത്ത് ശുദ്ധീകരിക്കാനുള്ള സാങ്കേതിക വിദ്യ അവര്‍ ആര്‍ജിച്ചുവെന്നതുമാണ് പ്രധാനം. പാറയിടുക്കില്‍ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന ഷെയ്ല്‍ ഇന്ധനത്തിന്റെ ഉത്പാദനത്തില്‍ കുതിച്ചുചാട്ടമുണ്ടായതോടെ എണ്ണ സമ്പന്ന രാജ്യമായി അമേരിക്ക മാറിയിരിക്കുന്നു. സ്വന്തം ഊര്‍ജ സ്വയംപര്യാപ്തതക്ക് മാത്രമല്ല ഇത് അവര്‍ ഉപയോഗിക്കുന്നത്. ഇറാന്‍, വെനിസ്വേല, റഷ്യ തുടങ്ങിയ എണ്ണ ഉത്പാദക രാഷ്ട്രങ്ങളെ തളര്‍ത്താനുളള ഉപകരണം കൂടിയാണ് അവര്‍ക്ക് ഷെയ്ല്‍ ഇന്ധനം. ഈ രാജ്യങ്ങള്‍ എണ്ണ കയറ്റിഅയച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം അമേരിക്കയുടെ ഷെയ്ല്‍ ഇന്ധനം വിപണി പിടിച്ചടക്കിയിരിക്കുന്നു. അത്‌കൊണ്ട് ഷെയ്‌ലിന്റെ കടന്നുകയറ്റത്തിന് തടയിടാന്‍ എണ്ണ ഉത്പാദക രാജ്യങ്ങള്‍ തങ്ങളുടെ ഉത്പന്നത്തിന് വില കുറക്കാന്‍ നിര്‍ബന്ധിതരാകുകയാണ് ഉണ്ടായത്.
ഇതിന്റെ തുടര്‍ച്ച തന്നെയാണ് രണ്ടാമത്തെ കാരണം. സാധാരണഗതിയില്‍ വില കുറയുകയോ എണ്ണ ഉത്പാദനം കൂടുകയോ ചെയ്താല്‍ തങ്ങളുടെ ഉത്പാദനം വെട്ടിക്കുറച്ച് സന്തുലിതാവസ്ഥ കൊണ്ടുവന്നിരുന്നത് സഊദി അറേബ്യ ആയിരുന്നു. സ്വിംഗ് പ്രൊഡ്യൂസര്‍ എന്നാണ് ഈ ദൗത്യത്തെ സാങ്കേതികമായി വിളിക്കുക. ഇത്തവണ സഊദി ഈ റോള്‍ എടുക്കാന്‍ തയ്യാറായില്ല. അമേരിക്ക രാഷ്ട്രീയ ലക്ഷ്യത്തിനായി എണ്ണ വിപണിയെ ഉപയോഗിക്കുന്നതിന്റെ ഭാരം തങ്ങളെന്തിന് വഹിക്കണമെന്നാണ് ഒപെക് രാജ്യങ്ങള്‍ ചോദിക്കുന്നത്. ഇസില്‍ സംഘവും ലിബിയയിലെ തീവ്രവാദ ഗ്രൂപ്പുകളും പിടിച്ചടക്കിയ എണ്ണപ്പാടങ്ങളില്‍ നിന്ന് തോന്നിയ വിലക്ക് വില്‍പ്പന നടക്കുന്നുവെന്നതും ഒരു ഘടകമാണ്. ഇന്ധന ക്ഷമത കൂടിയ വാഹനങ്ങളും മറ്റും വന്നതും ഉപോഭോഗം കുറച്ചു.
80 ശതമാനത്തിലധികം ഇന്ധനം ഇറക്കുമതിചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ഇറക്കുമതി ബില്ല് കുത്തനെ കുറയുന്നതിന് ക്രൂഡ് വിലക്കുറവ് കാരണമായിരിക്കുന്നു. എന്നാല്‍ ഈ വിലക്കുറവിന്റെ ആനുകൂല്യം ഇവിടുത്തെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. എണ്ണ കമ്പനികള്‍ ആനുപാതികമായി വില കുറയ്ക്കുന്നില്ല. അഥാവാ കുറച്ചാല്‍ തന്നെ എക്‌സൈസ് തീരുവ കൂട്ടി സര്‍ക്കാര്‍ അത് ഇല്ലാതാക്കും. എണ്ണ വിപണിയിലെ ചലനങ്ങള്‍ക്ക് വലിയ പ്രഹരശക്തിയുണ്ടെന്ന തിരിച്ചറിവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വേണം. ഭാവിയിലേക്ക് നീളുന്ന സമഗ്രമായ സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടത്.