Connect with us

International

ഐ സി സിക്കുള്ള ഫണ്ട് റദ്ദ് ചെയ്യാന്‍ ഇസ്‌റാഈല്‍ നീക്കം

Published

|

Last Updated

ജറൂസലം: ഫലസ്തീന്‍ ഭൂപ്രദേശത്ത് നടത്തിയ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അന്വേഷണം നേരിടേണ്ടതില്‍ പ്രകോപിതരായി കോടതിക്കുള്ള ഫണ്ട് റദ്ദ് ചെയ്യാന്‍ ഇസ്‌റാഈല്‍ നീക്കം. കാനഡ, ആസ്‌ത്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ സമ്മര്‍ദം ചെലുത്തിയാണ് ഐ സി സിക്കുള്ള ഫണ്ട് നിര്‍ത്തിവെക്കാന്‍ ഇസ്‌റാഈല്‍ ശ്രമം നടത്തുന്നത്. ഈ രാജ്യങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും ഐ സി സി എന്ന സംഘടന രാഷ്ട്രീയ സമിതിയാണെന്നും ഇതിന്റെ നിലനില്‍പ്പിന് ഒരു ന്യായീകരണവുമില്ലെന്നും ഇസ്‌റാഈല്‍ വാദിക്കുന്നു. ഐ സി സിക്ക് വലിയ ഫണ്ട് നല്‍കുന്ന ജപ്പാനിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും ഇസ്‌റാഈല്‍ നടത്തുന്നുണ്ട്. അതിനിടെ, ഐ സി സിയില്‍ അംഗത്വമില്ലാത്ത രാജ്യങ്ങളിലെ സൈനികരെ ഏങ്ങനെയാണ് ഐ സി സി പ്രോസിക്യൂട്ട് ചെയ്യുക എന്ന വാദവുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹൂ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 13 മുതല്‍ ഇസ്‌റാഈല്‍ നടത്തിയ മുഴുവന്‍ യുദ്ധക്കുറ്റങ്ങളും പക്ഷപാതമില്ലാതെ അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം ഐ സി സി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു. ഐ സി സിയില്‍ അംഗത്വമെടുക്കാനുള്ള ഫലസ്തീന്‍ നീക്കത്തെ അമേരിക്കയും ഇസ്‌റാഈലും ശക്തമായി എതിര്‍ത്തിരുന്നു. എങ്കിലും ഇതെല്ലാം തള്ളിക്കളഞ്ഞാണ് ഫലസ്തീന്‍ ഐ സി സിയില്‍ അംഗത്വമെടുക്കാനുള്ള തീരുമാനമായി മുന്നോട്ടുപോയത്. ഏപ്രില്‍ ഒന്ന് മുതല്‍ ഐ സി സിയില്‍ ഫലസ്തീന്‍ അംഗമാകുമെന്ന് ബാന്‍ കി മൂണ്‍ പ്രഖ്യാപിച്ചിരുന്നു.