Connect with us

Gulf

മകന്റെ ചികിത്സക്കായി കടം വാങ്ങിയത് ലക്ഷങ്ങള്‍; കൊടുത്തു വീട്ടാന്‍ വകയില്ലാതെ യുവാവ്

Published

|

Last Updated

ഷാര്‍ജ: മകന്റെ ചികിത്സക്കുവേണ്ടി പലരില്‍ നിന്നായി കടം വാങ്ങിയ ലക്ഷക്കണക്കിനു രൂപ തിരിച്ചു കൊടുക്കാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുന്ന കര്‍ണാടക സ്വദേശി ഉദാരമതികളുടെ സഹായം തേടുന്നു.
കര്‍ണാടകാ മൂഢബെദ്ര, ഹൊസങ്കടി സ്വദേശി ആദമാണ് സുമനസ്സുകളുടെ കനിവ് തേടുന്നത്. നാലു മാസം മാത്രം പ്രായമുള്ള മകന്‍ മുഹമ്മദ് അയ്മന്റെ ചികിത്സക്കാണ് ലക്ഷങ്ങള്‍ ചിലവായത്.
നാഷനല്‍ പെയിന്റിനു സമീപം ഒരു ലോണ്‍ട്രിയിലെ ജീവനക്കാരനാണ് ആദം. 12 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ആദം കുടുംബ സമേതമാണ് താമസിച്ചിരുന്നത്. മകന്‍ അയ്മനെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലാണ് ജന്മം നല്‍കിയത്. പ്രസവ വേളയില്‍ തന്നെ കുട്ടിയുടെ വലതു കാലിനു കുഴപ്പമുണ്ടായിരുന്നതായി ആദം പറഞ്ഞു.
രക്തം കട്ടപിടിക്കുന്നതായിരുന്നുവത്രെ രോഗം. ഇതേ തുടര്‍ന്ന് ചികിത്സ തുടങ്ങി. ഭേദമായില്ല. ചികിത്സ തുടര്‍ന്നു. ലോണ്ടറി ജീവനക്കാരനായ ആദമിനു തനിക്കു ലഭിക്കുന്ന വേതനം കൊണ്ട് ചികിത്സാ ചിലവ് വഹിക്കാന്‍ കഴിഞ്ഞില്ല. ചികിത്സ തുടരാന്‍ കഴിയാത്ത സഹചര്യം ഉണ്ടായി. മകന്റെ അസുഖം ഭേദമായി കിട്ടാന്‍ ആദമും കുടുംബവും മനമുരുകി പ്രാര്‍ഥിച്ചു. ഒപ്പം ചികിത്സാ ചിലവ് കണ്ടെത്താനുള്ള ശ്രമവും തുടര്‍ന്നു. ഒടുവില്‍ ആദമിനു കടം വാങ്ങലായിരുന്നു പോംവഴി. ആയിരമല്ല, ലക്ഷങ്ങള്‍. മൊത്തം 12 ലക്ഷത്തോളം രൂപ കടബാധ്യത ഉള്ളതായി ആദം കണ്ണീരോടെ പറഞ്ഞു.
എന്നാല്‍ രോഗമാവട്ടെ ഭേദമായതുമില്ല. ഒടുവില്‍ കുട്ടിയുടെ മുട്ടിന്റെ താഴെ കാല്‍മുറിച്ചു മാറ്റുകയായിരുന്നു. തുടര്‍ ചികിത്സക്കായി കുട്ടിയെ മാതാവിനോടൊപ്പം നാട്ടില്‍ അയച്ചിരിക്കുകയാണ്.
ചികിത്സക്കു ഇനിയും നല്ലൊരു തുകവേണ്ടിവരുമെന്നാണ് ആദം ആശങ്കപ്പെടുന്നത്. മകനു പുറമെ പന്ത്രണ്ടും, ആദം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും ഇയാള്‍ക്കുണ്ട്. തനിക്കു ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ട് ഇത്രയും ഭീമമായ കടം വീട്ടി തീര്‍ക്കാനാവില്ലെന്ന് ആദം പറയുന്നു. മാത്രമല്ല കുടുംബം പുലര്‍ത്തണം മകന്റെ തുടര്‍ ചികിത്സയും നടത്തണം. എല്ലാം കൊണ്ട് ആദം മാനസികമായും മറ്റും തളര്‍ത്തിരിക്കുകയാണ്.
കട ബാധ്യതയാണ് ഇയാളെ ഏറ്റവും അധികം വിഷമിപ്പിക്കുന്നത്. നാട്ടിലും ഇവിടെയും ആയുള്ള കടം എങ്ങിനെ വീട്ടുമെന്നറിയാതെ കണ്ണീരില്‍ കഴിയുന്ന ആദമിനു ഏക പ്രതീക്ഷ ഉദാരമതികളാണ്. ദുഃഖിക്കുന്നവരുടെ കണ്ണീരൊപ്പുന്ന പ്രാവസ ലോകത്തെ സുമനസ്സുകളും പ്രവാസി സംഘടനകളും തന്നെയും കൈവിടില്ലെന്ന ആശയിലാണിയാള്‍. ബന്ധപ്പെടാവുന്ന നമ്പര്‍. 050-5226973, 050-7560914.