Connect with us

International

ലണ്ടനിലെ പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തിന് ഒരുക്കങ്ങളായി

Published

|

Last Updated

ലണ്ടന്‍: ലണ്ടന്‍ മലയാളികളുടെ പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പ്രവാചക പ്രേമികള്‍ പങ്കെടുക്കുന്ന മീലാദ് പരിപാടി ഇന്ന് നടക്കും. അല്‍ ഇഹ്‌സാന്‍ ദഅ്‌വാ സെല്ലിനു കീഴില്‍ ലണ്ടന്‍ മലയാളി മുസ്‌ലിം കൂട്ടായ്മ വൈറ്റ് ചാപ്പലിലെ വാട്ടര്‍ ലില്ലി- വിക്കാം സ്യൂട്ടില്‍ സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനത്തിനുള്ള പതാക മദീനയില്‍ നിന്ന് ശാഹുല്‍ ഹമീദ് ന്യൂബറി ഏറ്റുവാങ്ങി. മദീനയിലെ വിശുദ്ധ ഹറമില്‍ പരിശുദ്ധ റൗളക്ക് സമീപം നടന്ന ചടങ്ങില്‍ സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് പതാക കൈമാറി. ചടങ്ങില്‍ അബ്ദുസ്സമദ് അമാനി പട്ടുവം, അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന സമ്മേളനം ഡോ. ഇര്‍ഫാന്‍ അല്ലാവി ഉദ്ഘാടനം ചെയ്യും. അബ്ദുര്‍റഹ്മാന്‍ നൂറാനി മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. ബ്രിട്ടണിലെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന നൂറുകണക്കിന് മലയാളി മുസ്‌ലിംകളുടെ ബൃഹത്തായ കൂട്ടായ്മയുടെ ഇടം കൂടിയാകും സമ്മേളന വേദി. ഇരുപത്തഞ്ചോളം മത്സര ഇനങ്ങളിലായി നൂറിലധികം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന മീലാദ് ഫെസ്റ്റ് സംഗമത്തിന് മാറ്റുകൂട്ടും. ദഫ്മുട്ട്, ബുര്‍ദ പാരായണം, മൗലിദ് പാരായണം, നാത്ശരീഫ് തുടങ്ങിയ ഒട്ടനേകം ഇസ്‌ലാമിക കലാരൂപങ്ങള്‍ സമ്മേളനത്തിനു പകിട്ടുകൂട്ടും. മീലാദ് സമ്മേളനത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന ക്യാമ്പയിനാണ് സംഘാടകര്‍ ഒരുക്കിയത്. ഇതിന്റെ ഭാഗമായി സൗത്ത് ഹാള്‍ട്യൂട്ടിംഗ് ഈസ്റ്റ്ഹാം തുടങ്ങിയ ലണ്ടനിന്റെ വിവിധ ഭാഗങ്ങളില്‍ മീലാദ് സംഗമങ്ങളൊരുക്കി.

Latest