Connect with us

Kerala

റണ്‍ കേരള റണ്ണിന് ഒരുക്കങ്ങളായി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിന് മുന്നോടിയായുള്ള “റണ്‍ കേരള റണ്ണിന്റെ” ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 20ന് രാവിലെ 10.30നാണ് കേരളം ഒന്നാകെ പങ്കെടുക്കുന്ന കൂട്ടയോട്ടം നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഏഴായിരത്തില്‍പ്പരം കേന്ദ്രങ്ങളില്‍ നടക്കുന്ന കൂട്ടയോട്ടം രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടയോട്ടമായിരിക്കും.
സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റില്‍ വെച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് റണ്‍ കേരള റണ്‍ ഫഌഗ് ഓഫ് ചെയ്യുന്നത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ സച്ചിനോടൊപ്പം ഓട്ടത്തില്‍ പങ്കെടുക്കും.
ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന കേരളത്തിന്റെ ഐക്യവും കൂട്ടായ്മയും ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കാനാണ് റണ്‍ കേരള റണ്‍. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും പൊതു-സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഇതിനോടകം റണ്‍ കേരള റണ്ണില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സംസ്ഥാനമൊട്ടാകെ നടക്കുന്ന കൂട്ടയോട്ടത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയും പങ്കെടുക്കാം. മുന്‍കൂട്ടി നിശ്ചയിച്ച പോയിന്റുകളില്‍ ഇവര്‍ക്കും മറ്റുള്ളവര്‍ക്കൊപ്പം ഓട്ടത്തില്‍ പങ്കെടുക്കാം. ഗ്രാമങ്ങളും നഗരങ്ങളും ഉള്‍പ്പെടെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം റണ്‍ കേരള റണ്ണിന്റെ വേദിയാകും. പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വിധമാണ് റണ്‍ കേരള റണ്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. 200 മീറ്റര്‍ മുതല്‍ 800 മീറ്റര്‍ വരെയാണ് കൂട്ടയോട്ടത്തിന്റെ ദൈര്‍ഘ്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.runkeralarun.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ടോള്‍ഫ്രീ നമ്പര്‍: 18004255003 (രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ).

Latest