Connect with us

Gulf

മലയാളി ചിത്രകാരന് ദുബൈയില്‍ അംഗീകാരം

Published

|

Last Updated

ദുബൈ: പ്രമുഖര്‍ക്ക് അവരുടെ ചിത്രം വരച്ച് സമ്മാനിക്കാനായി ഫിറോസ് വടകര ദുബൈയിലുമെത്തി. ഇത്തവണ ഫിറോസിന്റെ ബ്രഷില്‍ ഫുട്ബാള്‍ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് ചിത്രീകരിക്കപ്പെട്ടത്.
ഫ്രാന്‍സിന്റെ മൈക്കിള്‍ പ്ലാറ്റിനി, ഇറ്റലിയുടെ ഫിലിപ്പോ ഇന്‍സാഗി, ഹോളണ്ടിന്റെ പാട്രിക് ക്ലൈവര്‍ട്ട്, റഷ്യന്‍ കോച്ച് കാപ്പല്ലൊ തുടങ്ങിയ താരങ്ങള്‍ക്ക് മിഴിവുറ്റ ചിത്രങ്ങള്‍ ഫിറോസ് സമ്മാനിച്ചു. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ നടന്ന ദുബൈ സ്‌പോര്‍ട്‌സ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഫിറോസ് ചിത്രങ്ങള്‍ സമ്മാനിച്ചത്. ഇനിയും ഇത്തരം രചനകള്‍ നടത്താനുള്ള തയാറെടുപ്പിലാണ് ഫിറോസ്. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഡയരക്ടര്‍ ഡോ. ആഇഷ അല്‍ ബസ്‌മൈത് സഹകരണങ്ങളും വാഗ്ദാനം ചെയ്തതായി ഫിറോസ് പറഞ്ഞു. കലയെ സ്‌നേഹിക്കുന്ന മികച്ച സ്‌പോണ്‍സറെ കിട്ടുകയാണെങ്കില്‍ ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കാനും ഫിറോസിന് താല്‍പര്യമുണ്ട്.
ചിത്രരചനയിലൂടെ ഫിറോസ് ബന്ധം സ്ഥാപിച്ച പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ട്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, ഡോ. ശശി തരൂര്‍, ഗുലാം നബി ആസാദ്, എ കെ ആന്റണി തുടങ്ങിയ നേതാക്കളും സച്ചിന്‍ ടെണ്ടുല്‍കര്‍, ഷെയ്ന്‍ വോണ്‍, രാഹുല്‍ ദ്രാവിഡ്, ഇന്‍സമാമുല്‍ ഹഖ്, വഖാര്‍ യൂനുസ്, കെവിന്‍ പീറ്റേഴ്‌സണ്‍, ഡീഗോ മറഡോണ തുടങ്ങിയവരെയും ഫിറോസ് ബ്രഷിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈ ജെ കെ മ്യൂസിയം, ഹൈദരാബാദ് ഉപ്പല്‍ രാജീവ്ഗാന്ധി സ്റ്റേഡിയം, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ലൈബ്രറി, കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപഌക്‌സ് എന്നിവിടങ്ങളില്‍ ഫിറോസിന്റെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, ജിദ്ദ, ദമാം, ദുബൈ എന്നിവിടങ്ങളില്‍ നിരവധി പ്രദര്‍ശനങ്ങളും ഫിറോസ് നടത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വടകര വലിയവളപ്പില്‍ സി സി അസ്സന്‍കുട്ടിയുടെയും പി കെ അസ്മയുടെയും മകനായ ഫിറോസ് കോഴിക്കോട് വേദവ്യാസ കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയാണ്. ഭാര്യ: അഡ്വ. ടി കെ തസ്‌ലീന, മകള്‍: ഫാത്തിമ സബീല. ഫോണ്‍: 055-6200430.