Connect with us

International

വടക്കന്‍ പ്രവിശ്യയിലെ ഗവര്‍ണറെ സിരിസേന മാറ്റി

Published

|

Last Updated

കൊളംബോ: തമിഴ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ പ്രവിശ്യയിലെ ഗവര്‍ണറെ ശ്രീലങ്കയിലെ പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേന മാറ്റി. റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ജി എ ചന്ദ്രസിരിക്കാണ് പദവി നഷ്ടമാകുന്നത്. പ്രവിശ്യയുടെ സ്വയംഭരണാവകാശത്തില്‍ ഗവര്‍ണര്‍ നിരന്തരം ഇടപെടാറുണ്ടായിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. സമാന്തര ഭരണകൂടം പോലെ പ്രവര്‍ത്തിക്കുകയായിരുന്നു ഗവര്‍ണറുടെ ഓഫീസ്.
തമിഴ് വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് ആരോപിതനായ ഗവര്‍ണറെ മാറ്റുന്നത്. എ എച്ച് എം ജി എസ് പാലിഹക്കാരയായിരിക്കും പുതിയ ഗവര്‍ണര്‍. എല്‍ ടി ടി ഇക്കെതിരായ സൈനിക നടപടിയുടെ അന്ത്യ ഘട്ടത്തില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതടക്കമുള്ള യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുമെന്ന് സിരിസേന വാഗ്ദാനം നല്‍കിയിട്ടുണ്ട്.
എല്‍ ടി ടി ഇ വുരുദ്ധ ദൗത്യത്തിന്റെ അവസാനത്തില്‍ 40,000 തമിഴ് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതു സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ച അന്താരാഷ്ട്ര സംഘവുമായി സഹകരിക്കില്ലെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് രജപക്‌സെ വ്യക്തമാക്കിയിരുന്നു.