Connect with us

Malappuram

അടക്കാക്കുണ്ടില്‍ മഞ്ഞപ്പിത്തം പടരുന്നു

Published

|

Last Updated

കാളികാവ്: അടക്കാക്കുണ്ട് സ്‌കൂള്‍ കുന്ന് എസ് സി കോളനി പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നു. പത്തിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടിട്ടുണ്ട്. എന്നാല്‍ കാളികാവ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതില്‍ നാല് പേര്‍ക്ക് മാത്രമേ മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുള്ളൂ. അതേ സമയം ഇരുപതോളം പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടിട്ടുണ്ടെന്നാണ് വിവരം.
പലരും മറ്റ് ചികിത്സകള്‍ തേടിപ്പോകുന്നതിനാല്‍ ആരോഗ്യ വകുപ്പിന് ഇടപെടാന്‍ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. സ്‌കൂള്‍പടിയിലെ ഒരു ഹോട്ടല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പതിനഞ്ച് ദിവസത്തേക്ക് അടച്ചിട്ടു. സമീപത്തെ കൂള്‍ബാറുകളില്‍ ഐസ് വില്‍പനയും നിരോധിച്ചിട്ടുണ്ട്. സ്‌കൂള്‍ കുന്നിലെ കിണറുകളില്‍ ക്ലോറിന്‍ ചെയ്തിട്ടുണ്ട്. കുടിവെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധിക്കാന്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്.
കുടുംബശ്രീ ആശാ പ്രവര്‍ത്തകരുടേയും ആരോഗ്യ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ കോളനിയില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മുഹമ്മദാലി, ജെ എച് ഐ. എ പി പ്രമോദ്, വാര്‍ഡ് അംഗം ദാമോധരന്‍ സംസാരിച്ചു. കുടുംബശ്രീ-ആശാപ്രവര്‍ത്തകരായ പി രമ, ശൈനി, മൈമൂന നേതൃത്വം നല്‍കി. വെള്ളിയാഴ്ച പരിസരത്തെ വീടുകളില്‍ കയറി ലഘുലേഖകള്‍ വിതരണം ചെയ്യുകയും രോഗം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇതിന് വേണ്ടി വിവിധ ഗ്രൂപ്പുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.