Connect with us

Malappuram

തിരൂര്‍ മണ്ഡലത്തിലെ വില്ലേജുകള്‍ സ്മാര്‍ട്ടാകുന്നു

Published

|

Last Updated

തിരൂര്‍: സി മമ്മുട്ടിയുടെ എം എല്‍ എ ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം അനുവദിച്ചു. തിരൂര്‍ മണ്ഡലത്തിലെ മുഴുവന്‍ വില്ലേജുകളും സ്മാര്‍ട്ട് വില്ലേജുകളാക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് അംഗീകാരം.
സി മമ്മുട്ടി എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം ചെലവഴിച്ചാണ് മണ്ഡലത്തിലെ പത്ത് വില്ലേജുകളും സ്മാര്‍ട്ടാക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജുകളും പൂര്‍ണമായി ഇ-വില്ലേജുകള്‍ ആകുന്നത്.
കലക്ടറുടെ ചേംബറില്‍ എം എല്‍ എ യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വില്ലേജ് ഓഫീസര്‍മാരുടെ യോഗത്തില്‍ പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ കെ ബിജു നിര്‍ദേശം നല്‍കി.
പദ്ധതിയുടെ ഭാഗമായി എല്ലാ വില്ലേജ് ഓഫീസുകളും വീഡിയോ കോണ്‍ഫ്രന്‍സിനുള്ള സംവിധാനത്തോടെ കംപ്യൂട്ടര്‍വത്ക്കരിക്കുകയും സേവനങ്ങള്‍ ഓണ്‍ലൈനാക്കുകയും ചെയ്യും. വില്ലേജുകള്‍ക്ക് സ്വന്തമായ വെബ്‌സൈറ്റ് ആരംഭിക്കും.
വില്ലേജ് സംബന്ധമായ വിവരങ്ങളെല്ലാം ഓണ്‍ലൈനായി അറിയാനും ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭ്യമാക്കാനും അവസരമൊരുക്കും. നികുതി രശീത് ഉള്‍പ്പെടെ കമ്പ്യൂട്ടര്‍ വഴി പ്രിന്റെടുത്ത് നല്‍കാനും ഭാവിയില്‍ നികുതിയടവ് തന്നെ ഓണ്‍ലൈനാക്കാനും സാഹചര്യമൊരുക്കും. അനന്താവൂര്‍, ആതവനാട്, കുറുമ്പത്തൂര്‍, കല്‍പകഞ്ചേരി, തലക്കാട്, തിരൂര്‍, തിരുനാവായ, തൃക്കിയൂര്‍, വളവന്നൂര്‍, വെട്ടം എന്നീ വില്ലേജുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ തിരുനാവായയില്‍ നേരത്തെ സ്മാര്‍ട് വില്ലേജ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
റവന്യൂ വകുപ്പിന്റെയും എന്‍ ഐ സി യുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് നടക്കുമെന്ന് സി മമ്മുട്ടി എം എല്‍ എ അറിയിച്ചു. പദ്ധതിക്ക് കൂടുതല്‍ ഫണ്ട് ആവശ്യമെങ്കില്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.