Connect with us

Wayanad

വിദ്യാഭ്യാസ മേഖലയില്‍ ജില്ലക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: മലയോര ആദിവാസി മേഖലയായ വയനാട്ടിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ തയ്യാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ഡയറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും ജൂബിലി സ്മാരകം അനാച്ഛാദനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസി ബാലകൃഷ്ണന്‍ എം എല്‍എയുടെ ഇതു സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കും. ഇതിനാവശ്യമായ പദ്ധതി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് രൂപവത്കരിച്ച് സമര്‍പ്പിക്കണം.
ശാസ്ത്രീയവും മികവുറ്റതുമായ പരിശീലനത്തിലൂടെ കഴിവുറ്റ അധ്യാപകരെ വാര്‍ത്തെടുക്കുന്ന ഡയറ്റിന്റെ പ്രവര്‍ത്തനം നിസ്തുലമാണെന്നും മന്ത്രി പറഞ്ഞു. പഠനത്തിനൊപ്പം സ്വഭാവ രൂപീകരണത്തിലും സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുന്നതിലും അധ്യാപകര്‍ കുട്ടികളുടെ മാര്‍ഗദര്‍ശികളാകണം. വിദ്യാഭ്യാസ മേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും ഏറെ മുന്നിലാണ്. എന്നാല്‍ ഈ മുന്നേറ്റം കാലാനുസൃതമാക്കുന്നതിന് അധ്യാപകര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പുരസ്‌കാരങ്ങള്‍ നേടിയ അധ്യാപകരായ പി ശിവപ്രസാദ്, എന്‍ ടി രാജീവന്‍, ആര്‍ സുരേന്ദ്രന്‍, താജ് മന്‍സൂര്‍, എന്‍ വി ജോര്‍ജ്, പൃഥ്വിരാജ് മൊടക്കല്ലൂര്‍ എന്നിവരെ മന്ത്രി ആദരിച്ചു. ഐ സിബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എസ് വിജയ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ എം ജോര്‍ജ്, പി കെജയരാജ്, ഇ പി മോഹന്‍ദാസ്, ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്, എം വി മുകുന്ദന്‍,പി ലക്ഷ്മണന്‍ സംസാരിച്ചു.