Connect with us

Kozhikode

പുനരധിവാസത്തിന് കോര്‍പറേഷന്‍ നടപടി സ്വീകരിക്കണം: കലക്ടര്‍

Published

|

Last Updated

കോഴിക്കോട്: മാങ്കാവ് മേത്തോട്ടുതാഴം റോഡ് വീതി കൂട്ടൂമ്പോള്‍ വീടും സ്ഥലവും നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ സ്ഥലം കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ സി എ ലത. മാങ്കാവ് മേത്തോട്ടുതാഴം റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രയാസങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കലക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

മാങ്കാവ് ശ്മശാനം മുതല്‍ മേത്തോട്ടുതാഴം വരെയുള്ളവരുടെ ഭൂമിയാണ് വീതി കൂട്ടുന്നതിനായി ഏറ്റെടുക്കുന്നത്. റോഡ് വീതി കൂട്ടുമ്പോള്‍ 17 പേരുടെ വീടുകളാണ് നഷ്ടമാകുന്നത്. 86,826 രൂപയാണ് സെന്റിന് തറവിലയായി നിശ്ചയിച്ചിരിക്കുന്നത്. നൂറ് ശതമാനം ആശ്വാസ തുകയോടൊപ്പം 12 ശതമാനം പലിശയും നല്‍കും. ചര്‍ച്ചകള്‍ക്കുശേഷം മൂന്ന് ലക്ഷം രൂപയാണ് കലക്ടര്‍ നിര്‍ദ്ദേശിച്ച വില. ഇത് സംസ്ഥാനതല പര്‍ച്ചേസ് കമ്മിറ്റിയുടെ പരിഗണനക്ക് കൈമാറും. കെട്ടിടം, വീട്, ചുറ്റുമതില്‍, മരം എന്നിവക്ക് വേറെയും തുക നല്‍കും. വീടിന്റെ വില പി ഡബ്ല്യു ഡി അധികൃതര്‍ നിര്‍ണയിക്കും. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം സ്ഥലവും വീടും ഏറ്റെടുക്കുകയാണെങ്കില്‍ കാലപ്പഴക്കം നിര്‍ണയിക്കും.
40 വര്‍ഷം മുമ്പാണ് മാങ്കാവ് മേത്തോട്ടുതാഴം റോഡ് വീതികുട്ടുന്നതിനുള്ള തീരുമാനമെടുത്തത്. സമീപത്തുള്ള കൂടുതല്‍ വിലക്ക് വിറ്റ ഭൂമിയുടെ രേഖകള്‍ ഹാജരാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സംസ്ഥാനതല പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ തൂടര്‍നടപടികള്‍ വേഗത്തിലാക്കും. നിലവിലുള്ള കൊമ്മേരി മേത്തോട്ടുതാഴം റോഡ് വീതികൂട്ടിയാല്‍ മതിയെന്ന പ്രദേശവാസികളുടെ അഭിപ്രായം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. വിലനിര്‍ണയം അംഗീകരിക്കുന്നവര്‍ സമ്മതപത്രം നല്‍കണം.
ഇതോടൊപ്പം മാങ്കാവ് മേത്തോട്ടുതാഴം റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്ന ചതുപ്പുനിലങ്ങളില്‍ താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 1,80,916 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച തറവില. എന്നാല്‍ ചര്‍ച്ചക്കുശേഷം രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ആര്‍ ഡി ഒ. ഹിമാന്‍ശു കുമാര്‍ റോയ്, സീനിയര്‍ ഫൈനാന്‍സ് ഓഫീസര്‍ ജെസി ഹെലന്‍ ഹമീദ്, ഡെപ്യൂട്ടി കലക്ടര്‍ സി മോഹനന്‍, തഹസില്‍ദാര്‍ പി ഗ്രേസി, കൗണ്‍സിലര്‍മാരായ കവിത അരുണ്‍, കെ സൗദാമിനി ടീച്ചര്‍, ഇ പി കോയ മൊയ്തീന്‍ പങ്കെടുത്തു.