Connect with us

Malappuram

പാളയില്‍ ചിത്രങ്ങള്‍ തീര്‍ത്ത് ശ്രീനിവാസന്‍

Published

|

Last Updated

കോട്ടക്കല്‍: പാളയില്‍ ചിത്രങ്ങള്‍ തീര്‍ത്ത് വ്യത്യസ്തനാവുകയാണ് രണ്ടത്താണി കണമ്പറമ്പില്‍ ശ്രീനിവാസന്‍. ചിത്രകലയുടെ ഉന്നത വിദ്യയൊന്നും അവകാശപ്പെടാനില്ലാത്ത ഈ 38കാരന്‍ സര്‍ഗശേഷിയെ ആയുധമാക്കിയാണ് പാളക്കകത്ത് ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നത്. ചിത്രങ്ങളേതായാലും അവയുടെ നിറങ്ങളെല്ലാം പാളയില്‍ നിന്ന് തന്നെ കണ്ടെത്തി മനോഹരമാക്കുന്നതും ഇദ്ദേഹത്തിന്റെ വേറിട്ട ശൈലിയാണ്. നിര്‍മിക്കുന്ന ചിത്രങ്ങളുടെ നിറങ്ങള്‍ക്കൊത്ത് പാളയുടെ ഭാഗങ്ങള്‍ ഒട്ടിച്ച് വെച്ച് രൂപങ്ങള്‍ തീര്‍ക്കുകയാണ് ഇദ്ദേഹത്തിന്റെ ശൈലി. പാളയുടെ പുറം ഭാഗം, അകം, പാര്‍ശ്വഭാഗം തുടങ്ങി പാളയില്‍ തന്നെയുള്ള നിറങ്ങള്‍ ഇദ്ദേഹം ചിത്രത്തിനായി കണ്ടെത്തും. പച്ചയും കറുപ്പും വെളുപ്പുമെല്ലാം ഇങ്ങനെ രൂപം കൊള്ളുമ്പോള്‍ കാഴ്ചയുടെ സുന്ദര രൂപമാകുമത്. പ്രകൃതിയാണ് ഇദ്ദേഹം തീര്‍ക്കുന്ന ചിത്രങ്ങളുടെ നിറം. അവയൊക്കെ പാളയില്‍ തന്നെയുണ്ടെന്നാണ് ഭാഷ്യം. കൃത്രിമ ചായക്കൂട്ടുകള്‍ കൊണ്ട് ലഭിക്കുന്ന ഭംഗിയേക്കാള്‍ പ്രകൃതി തന്നെ പാളയില്‍ ഒരുക്കി വെച്ച നിറങ്ങളിലുണ്ട്. അവയെ വരക്കുന്ന ചിത്രത്തിനിണക്കുകയാണ് ഈ യുവാവ്.
ചിത്രകലയുടെ ആശാന്‍മാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ ഇപ്പോള്‍ ശ്രീനിവാസനില്‍ നിന്നും ഉപദേശം തേടുകയാണ്. ചിത്രകലയില്‍ പ്രഥമിക പാഠങ്ങള്‍ പോലുമില്ലാത്ത ഇദ്ദേഹത്തിനാവട്ടെ ഇതെല്ലാം ദൈവ ഹിതമെന്ന ഭാവവും. തെങ്ങ്കയറ്റ തൊഴിലാളിയായിരുന്ന ഇദ്ദേഹം തെങ്ങില്‍ നിന്നും വീണ് പരുക്കേറ്റ് വിശ്രമിക്കേണ്ടി വന്ന സമയത്താണ് ഇത്തരത്തില്‍ ചിന്തിച്ചത്. വീടിന് പരിസരത്തെ ഇല്ലപ്പറമ്പില്‍ ധാരാളം പാളകള്‍ വെറുതെ കിടക്കുന്നത് കണ്ടപ്പോള്‍ തന്റെ സര്‍ഗശേഷി ഉണര്‍ന്നു. പിന്നെ അതില്‍ രൂപങ്ങള്‍ തീര്‍ത്തു തുടങ്ങി. മാടമ്പ് കുഞ്ഞിക്കുട്ടന്റെ ചിത്രമാണ് ആദ്യമായി രൂപപ്പെടുത്തിയത്. പിന്നീട് നിരവധി പേരെ തന്റെ വേറിട്ട ചിത്രത്തിനകത്ത് രൂപപ്പെടുത്തി. ഒടുവില്‍ ഡോ. പി കെ വാര്യരുടെ ചിത്രം നിര്‍മിച്ച് അദ്ദേഹത്തിന് സമര്‍പ്പിക്കുകയുണ്ടായി. വിവിധ രാഷ്ട്രീയക്കാര്‍ക്കും പാര്‍ട്ടികള്‍ക്കും ഇദ്ദേഹം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. പ്രതിഫ ലേച്ഛയില്ലാതെയാണ് അവയൊക്കെ വരച്ചത്. സ്‌കൂള്‍ പഠനകാലത്തും ഇദ്ദേഹം ചിത്രങ്ങള്‍ വരച്ചിരുന്നു. ഒട്ടേറെ സമ്മാനങ്ങളും അങ്ങനെ ലഭിച്ചിട്ടുണ്ട്. തന്റെ പാള ചിത്രത്തിന്റെ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന ശ്രീനിവാസന്‍ ഇപ്പോള്‍ കോട്ടക്കല്‍ ആര്യവൈദ്യശാല ജോലിക്കാരനാണ്.

Latest