Connect with us

Kerala

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് ഉറപ്പാക്കാന്‍ കേരളം

Published

|

Last Updated

തിരുവനന്തപുരം:വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തന്നെ പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പ് വരുത്താന്‍ കേരളം. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ആലോചനകള്‍ തുടങ്ങിയതാണെങ്കിലും സുപ്രീം കോടതി നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ കേരളത്തില്‍ തന്നെ നടപ്പാക്കി രാജ്യത്തിന് മാതൃകയാകാനാണ് ശ്രമം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെ നാട്ടിലേക്ക് വരാതെ തന്നെ നാട്ടില്‍ വരാതെയുള്ള വോട്ടവകാശം ഉറപ്പ് വരുത്താന്‍ കേരളം നേരത്തെ തന്നെ ഒരുങ്ങി തുടങ്ങിയതാണ്. ഇ-വോട്ടിംഗ്, പ്രോക്‌സി വോട്ട്, ഓണ്‍ലൈന്‍ വോട്ട് എന്നീ മൂന്ന് നിര്‍ദേശങ്ങളാണ് ഉയര്‍ന്നു വന്നതെങ്കിലും ഇ-തപാല്‍ വോട്ടിംഗിനാണ് പ്രധാന പരിഗണന. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പ്രാഥമിക ചര്‍ച്ചകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. അന്തിമതീരുമാനമെടുത്തിട്ടില്ലെങ്കിലും സുപ്രീം കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇനി കാര്യങ്ങള്‍ക്ക് വേഗം കൂടുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. വരുന്ന ഒക്‌ടോബറിലാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മറ്റൊരാളെ കൊണ്ട് വോട്ട് ചെയ്യിക്കുന്ന രീതിയായ പ്രോക്‌സി വോട്ട് എന്ന നിര്‍ദേശം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാല്‍ ഈ നിര്‍ദേശത്തോട് പ്രധാനരാഷ്ട്രീയ കക്ഷികള്‍ക്കെല്ലാം വിയോജിപ്പാണ്. ഓണ്‍ലൈന്‍ വോട്ടിംഗ് എന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ടെങ്കിലും വെബ്‌സൈറ്റ് ഹാക്കിംഗ്, വൈറസ് ആക്രമണം തുടങ്ങിയ ഭീഷണികളും ദുരുപയോഗ സാധ്യതകളും ഇതിനും കൂടുതലാണ്. ഇ-വോട്ടിംഗ് രീതിയാണ് കേരളം പ്രധാനമായി പരിഗണിക്കുന്നത്. ഭാഗികമായി പോസ്റ്റല്‍ സംവിധാനത്തെ ആശ്രയിച്ചു കൊണ്ട് ഇത് നടപ്പാക്കാനാണ് ആലോചന. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ട് ചെയ്ത ശേഷം ഒപ്പും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം അതാത് മണ്ഡലത്തിലെ/വാര്‍ഡിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് തപാല്‍ വഴി അയച്ച് കൊടുക്കുന്നതാണ് ഈ രീതി. ഇ-വോട്ടിംഗ് ഉദ്ദേശിക്കുന്നവര്‍ മുന്‍കൂര്‍ അനുമതി തേടേണ്ടി വരും.
രണ്ട് മാസത്തിനകം സുപ്രീംകോടതിയില്‍ നിന്ന് ഒരു തീര്‍പ്പുണ്ടായാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന അതേമാതൃക തന്നെയാകും കേരളത്തിലും നടപ്പാക്കുക.
കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത് പോലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടികയിലും പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാന്‍ അനുമതി നല്‍കി കൊണ്ട് മുനിസിപ്പല്‍, പഞ്ചായത്തീരാജ് നിയമങ്ങളില്‍ കേരളം ഭേദഗതി വരുത്തിയിരുന്നു. കഴിഞ്ഞ നിയമസഭാസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച ബില്‍ പാസാക്കിയത്. ഈ ഘട്ടത്തില്‍ തന്നെ നാട്ടില്‍ വരാതെ തന്നെ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ സംവിധാനമൊരുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. നിയമസഭയില്‍ നടന്ന ബില്ലിന്റെ ചര്‍ച്ചയില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ യോജിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. പ്രവാസികള്‍ക്ക് നാട്ടില്‍ വരാതെ തന്നെ വോട്ടവകാശം നല്‍കണമെന്നായിരുന്നു സഭയിലെ പൊതുവികാരം. ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് കേരളാ പഞ്ചായത്തീരാജ്, മുനിസിപ്പല്‍ നിയമങ്ങള്‍ അനുസരിച്ചായതിനാല്‍ വോട്ടവകാശം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെയും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെയോ അനുമതി ആവശ്യമില്ല.

Latest