Connect with us

Kasargod

സമര്‍പ്പിത യൗവനത്തിന് സജ്ജരാകുക: പേരോട് സഖാഫി

Published

|

Last Updated

കാഞ്ഞങ്ങാട്: എസ് വൈ എസ് അറുപതാം വാര്‍ഷിക സമാപന മഹാസമ്മേളനം വിളിപ്പാടകലെ എത്തിനില്‍ക്കുമ്പോള്‍ സുന്നീ സംഘകുടുംബം സമര്‍പിത യൗവനത്തിന് സജ്ജരാകണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ആഹ്വാനം ചെയ്തു. 60-ാം വാര്‍ഷിക ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ സംഘടിപ്പിച്ച സഹകാരി സംഗമത്തില്‍ വിഷയാവതരണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യക്ഷേമ-ജീവകാരുണ്യ-ആതുര ശുശ്രൂഷാ രംഗത്തിന് പരമപ്രാധാന്യം നല്‍കിക്കൊണ്ട് ആദര്‍ശ ചരിത്രപഠനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പ്രഖ്യാപിക്കപ്പെട്ട അറുപതാം വാര്‍ഷിക പദ്ധതികള്‍ സമ്പൂര്‍ണമാക്കിക്കൊണ്ടായിരിക്കണം സംഘടനാ പ്രവര്‍ത്തകര്‍ മലപ്പുറം താജുല്‍ ഉലമാ നഗറിയില്‍ സമ്മേളിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
പൂര്‍വസൂരികള്‍ പകര്‍ന്നുതന്ന ത്യാഗസന്നദ്ധത ജീവിതത്തില്‍ പകര്‍ത്താന്‍ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ചിത്താരി അബ്ദുല്ല ഹാജി, ഐ സി എഫ് പ്രതിനിധി മുഹമ്മദ് സഅദി പരപ്പ, ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി, സുലൈമാന്‍ കരിവെള്ളൂര്‍, ചിത്താരി അബ്ദുല്ല ഹാജി, ബശീര്‍ മങ്കയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇ സി കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.

Latest