ആരാകും ജേതാവ് ? ലോക ഫുട്‌ബോളറെ ഇന്നറിയാം

Posted on: January 12, 2015 10:02 am | Last updated: January 13, 2015 at 12:17 am

ftblrസൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബാലന്‍ ദ്യോര്‍ പുരസ്‌കാരം ആര്‍ക്കെന്ന് ഇന്നറിയാം. അര്‍ജന്റീനയുടെ ബാഴ്‌സലോണ താരം ലയണല്‍ മെസ്സിക്കും പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കുമൊപ്പം ജര്‍മ്മനിയുടെ ബയേണ്‍ മ്യൂണിക് ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറാണ് ഇക്കുറി പുരസ്‌കാരത്തിന് പരിഗണനയിലുള്ളത്. ആറ് വര്‍ഷമായി തുടരുന്ന മെസ്സിക്രിസ്റ്റ്യാനോ ആധിപത്യത്തിന് അന്ത്യം കുറിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 60 മത്സരങ്ങളില്‍ നിന്ന് 61 ഗോള്‍ നേടിയ താരം റയല്‍ മാഡ്രിഡിനെ യുവേഫ ചാമ്പ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പോയവര്‍ഷം റയല്‍ നാല് കിരീടങ്ങളാണ് ക്രിസ്റ്റിയാനോയുടെ മികവില്‍ നേടിയത്. എന്നാല്‍ ലോകക്ലബ് കിരീടം റയല്‍ മാഡ്രിഡ് നേടുന്നതിന് മുമ്പേ മികച്ച താരത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു. റയല്‍ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ലോകകപ്പില്‍ പോര്‍ച്ചുഗലിന് വേണ്ടി തിളങ്ങാന്‍ കഴിയാതിരുന്നതാണ് റൊണാള്‍ഡോയുടെ മൈനസ്. ലോകകപ്പില്‍ ഗ്രൂപ്പ് റൗണ്ട് പോലും പോര്‍ച്ചുഗല്‍ കടന്നിരുന്നില്ല.
ജര്‍മനിയെ ലോകചാമ്പ്യന്‍മാരാക്കുന്നതിലും ബയേണ്‍ മ്യൂണിക്കിന് ഇരട്ട കിരീടം നേടിക്കൊടുക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചതാണ് മാനുവല്‍ ന്യൂയര്‍ക്ക് തുണയായത്. ലോകത്തെ മികച്ച ഗോളിയായി പരിഗണിക്കപ്പെടുന്ന ന്യൂയറും സാധ്യതയില്‍ ഒട്ടും പിന്നിലില്ല. യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലറ്റീനി ന്യൂയര്‍ നേടണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ പറഞ്ഞിരുന്നു.  ന്യൂയര്‍ക്ക് ലഭിക്കുകയാണെങ്കില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഗോളിയാകും അദ്ദേഹം.  1963ല്‍ സോവിയറ്റ് യൂണിയന്‍ ഗോള്‍ കീപ്പര്‍ ലെവ് യാഷിന്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിരുന്നെങ്കിലും ഫിഫ പുരസ്‌കാരം നല്‍കാന്‍ തുടങ്ങിയ ശേഷം ഗോള്‍കീപ്പര്‍മാര്‍ക്ക് ലഭിച്ചിട്ടില്ല.
നാല് തവണ പുരസ്‌കാര ജേതാവായ മെസ്സി ഇത്തവണ സാധ്യതയില്‍ മൂന്നാമനാണ് എന്നതാണ് പ്രത്യേകത. എങ്കിലും മെസ്സി നേടിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞ വര്‍ഷം 66 മത്സരങ്ങളില്‍ നിന്ന് 58 ഗോളുകളാണ് മെസ്സി നേടിയത്. പക്ഷേ ബാഴ്‌സയ്‌ക്കൊപ്പം പ്രധാന കിരീടമൊന്നും നേടാന്‍ മെസ്സിക്ക് കഴിഞ്ഞില്ല. അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ തോറ്റതും മെസ്സിക്ക് തിരിച്ചടിയാണ്. മാത്രമല്ല ലോകകപ്പില്‍ മികച്ച താരമായെങ്കിലും നോക്കൗട്ട് റൗണ്ടില്‍ തിളങ്ങാനായില്ലെന്നതും മെസ്സിയുടെ പുരസ്‌കാര സാധ്യത കുറച്ചെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മികച്ച താരത്തിന് പുറമേ മികച്ച കോച്ച്, മികച്ച വനിതാ താരം, മികച്ച ഗോള്‍ തുടങ്ങിയ പുരസ്‌കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും. അന്താരാഷ്ട്ര ഫഉട്‌ബോള്‍ പരിശീലകരും ഫുട്‌ബോള്‍ ടീം നായകന്‍മാരും പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് ഫിഫ ലോകഫുട്‌ബോളറെ തിരഞ്ഞെടുക്കുന്നത്.