Connect with us

International

പാരീസ് അക്രമം: ഉത്തരവാദിത്വം അല്‍ഖാഇദ ഏറ്റെടുത്തു

Published

|

Last Updated

പാരീസ്: ഫ്രഞ്ച് ആക്ഷേപഹാസ്യ മാസിക ഷാര്‍ളി ഹെബ്‌ദോക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ ഖാഇദയുടെ യമന്‍ ഘടകം ഏറ്റെടുത്തു. അഭിപ്രായ സ്വാതന്ത്രത്തിന്റെ പരിധി ഫ്രാന്‍സിന് പഠിപ്പിക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണമെന്നും ഓണ്‍ലൈന്‍ വഴി പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ അല്‍ ഖാഇദ വ്യക്തമാക്കി. അല്‍ഖാഇദ ഇന്‍ ദി അറേബ്യന്‍ പെനിന്‍സുല(എ ക്യൂ എ പി)യുടെ മുതിര്‍ന്ന നേതാവ് അബൂ ഹരീത് അല്‍ നസാരിയുടേതാണ് ശബ്ദ സന്ദേശം.
ചില ഫ്രഞ്ച് പൗരന്‍മാര്‍ പ്രവാചകനെ നിന്ദിക്കുകയാണ്. അതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധികളും പരിമിതികളും ഉണ്ടെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അവര്‍ അവകാശപ്പെടുന്നു. ഇസ്‌ലാമിനെതിരെയുള്ള ഫ്രാന്‍സിന്റെ നീക്കങ്ങള്‍ അവസാനിപ്പിക്കാത്ത കാലത്തോളം സുരക്ഷാ ക്രമീകരണങ്ങള്‍ക്കൊന്നും വിലയുണ്ടാകില്ലെന്നും അവര്‍ ഭീഷണിപ്പെടുത്തുന്നു.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പുറത്തിറക്കിയത് മുതല്‍ ഷാര്‍ളി ഹെബ്‌ദോ വിവിധ തരത്തിലുള്ള ഭീഷണികള്‍ നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന തീവ്രവാദി ആക്രമണത്തില്‍ ഷാര്‍ളി ഹെബ്‌ദോ മാഗസിനിലെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സിലെങ്ങും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഷാര്‍ളി ഹെബ്‌ദോ മാഗസിന് പ്രത്യേക സുരക്ഷ ഒരുക്കാനും തീരുമാനമായിട്ടുണ്ട്. സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ കഴിഞ്ഞ ദിവസം ഫ്രഞ്ച് സുരക്ഷാ വിഭാഗം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
ഇതിന് മുമ്പും നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത തീവ്രവാദി സംഘടനയാണ് എ ക്യൂ എ പി.