Connect with us

Gulf

കരുതല്‍ നിക്ഷേപത്തില്‍ മാറ്റം വരുത്തിയിട്ടില്ല

Published

|

Last Updated

അബുദാബി: യുഎഇ യിലേക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരുമ്പോള്‍ കെട്ടിവെക്കേണ്ട കരുതല്‍ നിക്ഷേപത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കരുതല്‍ നിക്ഷേപം 2000ല്‍ നിന്ന് 3000 ആക്കി ഉയര്‍ത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വീട്ടുജോലിക്കാരെ കൊണ്ടുവരുമ്പോള്‍ കെട്ടിവെക്കേണ്ട കരുതല്‍ നിക്ഷേപത്തില്‍ വര്‍ധനവു വരുത്താന്‍ രാജ്യത്തെ എല്ലാ തസ്ഹീല്‍ സെന്ററുകളിലേക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദശം നല്‍കിയതായി ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. വിസ റദ്ദാക്കുമ്പോള്‍ തിരികെ ലഭിക്കുന്ന കരുതല്‍ തുക 2000 നിന്ന് 3000 ആക്കി ഉയര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ കരുതല്‍ നിക്ഷേപത്തില്‍ യാതൊരുമാറ്റവും വരുത്തിയിട്ടില്ലെന്നും വാര്‍ത്ത തെറ്റാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം വീട്ടുജോലിക്കാരുടെ വിസാ ഫീസ് അയ്യായിരം തന്നെ നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി. തിരികെ ലഭിക്കാത്ത വിസാ ഫീസ് മന്ത്രാലയം നേരത്തെ 3000ല്‍ നിന്ന് 5000 ആക്കി ഉയര്‍ത്തിയിരുന്നു. യു എ ഇ നിയമപ്രകാരമുള്ള കരാര്‍ വ്യവസ്ഥകളുടെ പകര്‍പ്പ് ജോലിക്കാര്‍ക്ക് കൈമാറണമെന്ന് നിര്‍ദശമുണ്ട്. മാസ ശമ്പളവും ഗ്രാറ്റ്വിവിറ്റിയും ആഴ്ചയിലെ ഒരു അവധിയും കരാര്‍ പ്രകാരം ജോലിക്കാരന് ലഭിക്കണം.
വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് 2012ല്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. പുതിയ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പഠിച്ച് കൊണ്ടിരിക്കുകയാണ്. വീട്ടുജോലിക്കാര്‍ക്കായി പത്തൊമ്പത് തരം വിസകള്‍ അനുവദിക്കാനാണ് പുതിയ നിയമത്തില്‍ ശിപാര്‍ശ ചെയ്യുന്നത്.
ജോലിക്കാരെ രാജ്യത്തെത്തിക്കാനും കൊണ്ടുപോകാനുമുള്ള ഉത്തരവാദിത്വം മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കായിരിക്കും. ജോലിക്കാരെ രാജ്യത്തെത്തിക്കുന്നതിന് മുമ്പു തന്നെ ജോലിയുടെ രീതിയും ശമ്പളത്തെ കുറിച്ചും അവരെ അറിയിക്കാനുള്ള ബാധ്യത ഏജന്‍സിക്കുണ്ട്.
ജോലിക്കാരില്‍ നിന്ന് ഏജന്‍സി കമ്മീഷന്‍ വാങ്ങാന്‍ പാടില്ലെന്നും നിയമം ലംഘിക്കുന്ന ഏജന്‍സിക്കും തൊഴിലുടമകള്‍ക്കും കടുത്ത പിഴയും ജയില്‍ ശിക്ഷയുമാണ് പുതിയ നിയമം അനുശാസിക്കുന്നത്.