Connect with us

Gulf

കുടിയേറ്റ നിയമം ആവശ്യം ശക്തമാകുന്നു

Published

|

Last Updated

അബുദാബി: ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമായി ഒരു സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ഈ ആവശ്യം നിരവധി തവണ ഉന്നയിച്ചതാണിത്. 1922ല്‍ അധിനിവേശ ബ്രിട്ടീഷ് ഭരണകൂടം തൊഴിലാളികളെ ഇന്ത്യയില്‍ നിന്നും വിദേശനാടുകളിലേക്ക് കൊണ്ട് പോകുന്നതിനായി കൊണ്ടു വന്ന ബ്രിട്ടീഷ് ഇന്ത്യാ എമിഗ്രേഷന്‍ ആക്ടാണ് ഇപ്പോഴും രാജ്യം പിന്തുടുരുന്നത്.

സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറി വന്ന സര്‍ക്കാരുകള്‍ ഇതിന് മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ല. പ്രവാസി സമൂഹത്തിന്റെ നിരന്തരമായ ഇടപെടലുകള്‍ക്കൊടുവില്‍ 1984ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബ്രിട്ടീഷുകാരുണ്ടാക്കിയ പഴയ ആക്ടില്‍ കാര്യമായ മാറ്റമൊന്നും വരുത്താതെ തന്നെ ഇന്ത്യന്‍ എമിഗ്രേഷന്‍ ആക്ട് എന്നാക്കി മാറ്റി. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭിക്കേണ്ട വേതന സംരക്ഷണമോ നിയമ പരിരക്ഷയോ ഉറപ്പുവരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
താരതമ്യേന ചെറു രാജ്യങ്ങളായ ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളുമായി തൊഴില്‍ ഉടമ്പടികളിലേര്‍പ്പെട്ടു കഴിഞ്ഞു. ഇതിന്റെ ഫലമായുള്ള ആനുകൂല്യങ്ങള്‍ ആ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ലഭിക്കുന്നുമുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7100 കോടി ഡോളര്‍ ആണ് പ്രവാസി നിക്ഷേപമായി ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. പ്രതികൂല സാഹചര്യങ്ങളില്‍ ജോലി ചെയ്ത്, ജീവിച്ച് കഴിയുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ചോരയും വിയര്‍പ്പും ഈ 7100 കോടി ഡോളറിലുണ്ട്. നമ്മുടെ രാജ്യത്തിന്റെ സമ്പദ് ഘടന താങ്ങി നിര്‍ത്തുന്ന പ്രവാസികളുടെ സുരക്ഷ ഗൗരവത്തിലെടുക്കുന്നില്ല എന്നതാണ് ഖേദകരം.
ഇന്ത്യയില്‍ നിന്നുള്ള നൂറ് കണക്കിന് നിരപരാധികളായ പ്രവാസികളാണ് വിവിധ ലോകരാജ്യങ്ങളുടെ ജയിലുകളില്‍ കഴിയുന്നത്. അവരെ മോചിപ്പിക്കുവാനോ നാട്ടില്‍ എത്തിച്ച് പുനരധിവസിപ്പിക്കുവാനോ കഴിയാതെ ഇന്ത്യന്‍ സര്‍ക്കാറിന് സാധിക്കാതെ വരുന്നുണ്ട്. വിദേശ രാജ്യങ്ങളിലുള്ള ഭാരതീയരുടെ വ്യക്തമായ കണക്കുകള്‍ പോലും നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളില്ല. എന്നതും ശ്രദ്ധേയമാണ്.
ലോകത്തില്‍ മനുഷ്യാധ്വാനം വിറ്റ് വിദേശനാണ്യം നേടുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. തൊഴില്‍ സുരക്ഷിതത്വവും മതിയായ വേതനവും ഉറപ്പ് വരുത്തിയാല്‍ മാത്രമേ വിദേശനാടുകളില്‍ പോയി ജോലി ചെയ്യുവാന്‍ ഭാവി തലമുറക്ക് സാധിക്കുകയുള്ളു. 1984 ലെ എമിഗ്രേഷന്‍ ആക്ട് പുനര്‍നിര്‍മിക്കേണ്ടതിന്റെ കാലം അതിക്രമിച്ചിരിക്കുകയാണ്.
അതേ സമയം, നാട്ടിലേക്ക് തിരിച്ചു വന്ന് അവസരങ്ങള്‍ മുതലെടുക്കണമെന്ന പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രവാസി ഭാരതീയ ദിവസലെ പ്രസ്താവന വിദേശ ഇന്ത്യക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാത്തിടത്തോളം ഈ പ്രസ്താവനക്ക് വലിയ പ്രതിഫലനം ഉണ്ടാക്കാന്‍ സാധിക്കല്ല എന്നാണ് പൊതു വിലയിരുത്തല്‍.