Connect with us

Kozhikode

കൗമാര കലയുടെ മഹാമേളക്ക് സ്‌നേഹത്തിന്റെ നാടൊരുങ്ങി

Published

|

Last Updated

കോഴിക്കോട്: കൗമാര കലയുടെ മഹാമേളക്ക് സ്‌നേഹത്തിന്റെ നാടൊരുങ്ങി. 55 ാമത് കലോത്സവം സാമൂതിരിയുടെ തട്ടകത്തില്‍ ചരിത്ര സംഭവമാകും. ഇനി അഞ്ച് ദിവസം മാത്രം ബാക്കിയിരിക്കെ നഗരം കലോത്സവ തിമര്‍പ്പിലേക്ക് മാറിക്കഴിഞ്ഞു.

ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലായി. ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ഒരുക്കങ്ങളുടെ 90 ശതമാനവും പൂര്‍ത്തിയായതായി 20 സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും മറ്റും നേതൃത്വത്തില്‍ നടന്ന യോഗം വിലയിരുത്തി. ഇതര ജില്ലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളെ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
14ന് വൈകുന്നേരം അഞ്ചിന് ചെന്നൈ മെയിലില്‍ എത്തുന്ന കാസര്‍ക്കോട് സംഘത്തെ സ്വീകരിച്ച്‌കൊണ്ട് സ്വീകരണ ഉദ്ഘാടനം നടക്കും. ചര്‍ച്ചകള്‍, കവിയരങ്ങ്, എം ടി കുട്ടികളോടൊപ്പം, നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ എന്നിവ സംഘടിപ്പിക്കും. ട്രാഫിക്ക് നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കാനും തീരുമാനമായി.
മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചാലുടന്‍ ലോകമെങ്ങുമെത്തിക്കാന്‍ ഐ ടി @ സ്‌കൂളിന്റെ പ്രത്യേക സംവിധാനമുണ്ടാകും. ഫലത്തോടൊപ്പം ജേതാക്കള്‍ അവതരിപ്പിച്ച ഇനങ്ങള്‍ കാണിക്കാനാകും വിധത്തിലാണ് ഐ ടി @ സ്‌കൂളിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്.
മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗൗണ്ടില്‍ പന്തലിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. കോഴിക്കോടിന്റെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലാണ് ആറ് നില പന്തല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നത്. വിവിധ അലങ്കാരപ്പണികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. 45,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലില്‍ പതിനായിരത്തോളം പേര്‍ക്ക് കലാപരിപാടികള്‍ ആസ്വദിക്കാനുള്ള സ്വകര്യമുണ്ട്. മേയര്‍ എ കെ പ്രേമജത്തിന്റെ അധ്യക്ഷതയില്‍ നടന്ന സംഘാടക സമിതി യോഗം വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ശുചിത്വസേനയുടെ വളണ്ടിയര്‍മാരെ കലോത്സവക്കാലത്ത് നഗരം സീറോവേസ്റ്റ് സിറ്റിയാക്കാന്‍ വിട്ടുതരുമെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. എം കെ രാഘവന്‍ എം പി എക്‌സിബിഷന്റെ നാമകരണ പ്രഖ്യാപനം നടത്തി. “കടലോളം കാഴ്ചകള്‍” എന്നാണ് പേരിട്ടിരിക്കുന്നത്.
എം എല്‍ എമാരായ എ കെ ശശീന്ദ്രന്‍, കെ കുഞ്ഞമ്മത്, സി മോയിന്‍കുട്ടി, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, കെ പി ഷീബ, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ഹരിഹരന്‍, വി എം വിനു, വി ആര്‍ സുധീഷ്, കെ പി സുധീര, കെ സി അബു, പി കെ കെ ബാവ, സത്യന്‍ മൊകേരി, ഉമ്മര്‍ പാണ്ടികശാല, ജോണ്‍ പൂതക്കുഴി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട് പ്രസംഗിച്ചു.

Latest