Connect with us

Malappuram

മമ്പാട് എം ഇ എസ് കോളജില്‍ യൂനിയന്‍ ഭാരവാഹികളുടെ ആത്മഹത്യാ ഭീഷണി

Published

|

Last Updated

നിലമ്പൂര്‍: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സീസോണ്‍ കലോത്സവ വേദി മമ്പാട് എം ഇ എസ് കോളജില്‍ നിന്നും മാറ്റുവാനുള്ള മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് യൂനിയന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയുടെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പി കെ ബശീര്‍, പെരിന്തല്‍മണ്ണ ഡി വൈ എസ് പി. പി എം പ്രദീപ്, തഹസില്‍ദാര്‍ എം അബ്ദുസലാം എന്നിവര്‍ സ്ഥലത്തെത്തി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ വേദി മാറ്റില്ലെന്ന ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ താഴേക്ക് ഇറങ്ങിയത്.
ഞരമ്പ് മുറിച്ച രണ്ടുവിദ്യാര്‍ഥികളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 ഓടെയാണ് കോളജ് യൂണിയന്‍ ഭാരവാഹികളായ ബി എ അറബിക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും യു യു സിയുമായ നവാസ് പൂന്തോട്ടത്തില്‍, ബി എസ് സി ഫുഡ് സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥി നിയാസ്, മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയും യു യുസിയുമായ ഇസ്ഹാഖ് മട്ടാത്തി, ഫാസില്‍ വടപുറം, സലീഖ് എന്നിവര്‍ കോളജിലെ പ്രധാന കെട്ടിടത്തിന്റെ രണ്ടാം നിലയുടെ മുകളില്‍ കയറിയത്.
കോളജ് അധികൃതര്‍ സമരം കാര്യമായെടുക്കാത്തതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ കുപ്പിച്ചില്ല് ഉപയോഗിച്ച് കൈയ്യിന്റെ ഞരമ്പ് മുറിച്ചത് ആശങ്ക പരത്തി. മറ്റു വിദ്യാര്‍ത്ഥികള്‍ ഇടപെട്ട് മുറിവ് കെട്ടി രക്തം വാര്‍ന്നൊലിക്കുന്നത് തടഞ്ഞു. ഡോക്ടറെ കോളജിലേക്ക് വിളിച്ചു വരുത്തിയെങ്കിലും മുകളിലേക്ക് കയറി പരിശോധിക്കാന്‍ വിദ്യാര്‍ഥികള്‍ അനുവദിച്ചില്ല. മമ്പാട് എം ഇ എസ് കോളജ് യൂണിയന്‍ ഇത്തവണ എം എസ് എഫ് ആണ് നേടിയത്. ഒരു സീറ്റീല്‍ എസ് ഐ ഒയും വജിയിച്ചിരുന്നു.
മൂന്ന് വര്‍ഷമായി മമ്പാട് എം ഇ എസ് കോളജില്‍ കെ എസ്.യു, എം എസ് എഫ് തനിച്ചാണ് മത്സരിക്കുന്നത്. ഇത്തവണ എം എസ് എഫ് യൂണിയന്‍ പിടിച്ചെടുക്കുകയും ചെയ്തു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരിക്കുന്ന യു ഡി എസ് എഫ് മുന്നണി യോഗം ചേര്‍ന്ന് ഇത്തവണത്തെ സീസോണ്‍ കലോത്സവം മമ്പാട് എം ഇ എസ് കൊളജില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാനേജ്‌മെന്റിനെ കെ എസ് യു സമ്മര്‍ദ്ദം ചൊലുത്തി വേദി മാറ്റാന്‍ നിര്‍ബന്ധിക്കുകയാണെന്നാണ് എം എസ് എഫ് ആരോപിച്ചിരുന്നു. ഇതേ ചൊല്ലി മുമ്പ് കെ എസ് യു, എം എസ് എഫ് വിദ്യാര്‍ഥികള്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്‌നം മൂലമാണ് മമ്പാട് കോളജില്‍ സീസോണ്‍ കലോത്സവം നടത്താന്‍ മാനേജ്‌മെന്റ് തയ്യാറാകാത്തതെന്നറിയുന്നു.
ഡി.വൈ.എസ്.പി യും തഹസില്‍ദാറും, വണ്ടൂര്‍ സി.ഐ ബാബു, നിലമ്പൂര്‍ എസ് ഐ ബാബുരാജ് തുടങ്ങിയവരും സ്ഥലത്തെത്തി വിദ്യാര്‍ഥികളുമായി സംസാരിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പിന്‍വാങ്ങയില്ല. ഈ വര്‍ഷം സി സോണ്‍ കലോത്സവം മമ്പാട് വെച്ച് നടത്താന്‍ ഒരു മാസം മുമ്പ് തീരുമനിച്ചതാണെന്നും അതിനുവേണ്ടി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാതായും കോളജ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
കലോത്സവത്തിന്റെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി കൂടാതെ പരസ്യവും മുഖ്യാതിഥികള്‍ക്കുള്ള അഡ്വാന്‍സുമായി രണ്ട് ലക്ഷം രൂപ ചെലവായി. അധ്യാപകരും മാനേജ്‌മെന്റും മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒന്നിച്ചു നിന്ന് കലോത്സവം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഒരു മന്ത്രി ഇടപ്പെട്ട് മാനേജ്‌മെന്റില്‍ സമ്മര്‍ദ്ദം ചൊലുത്തിയാണ് വേദി മാറ്റുന്നതെന്നും ഇവര്‍ ആരോപിച്ചു. മുദ്രവാക്യവിളികളുമായി എം.എസ്.എഫ് വിദ്യാര്‍ഥികള്‍ ഓഫീസ് കെട്ടിടത്തിന് മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. വേദിമാറ്റില്ലെന്ന എം എല്‍ എയുടെ ഉറപ്പിനെ തുടര്‍ന്ന് വൈകീട്ട് നാലോടെയാണ് ഇവര്‍ താഴേക്ക് ഇറങ്ങിയത്.