Connect with us

Kannur

കണ്ണൂരില്‍ പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് എ ഗ്രൂപ്പ്

Published

|

Last Updated

കണ്ണൂര്‍: ജില്ലയിലെ കോണ്‍ഗ്രസ് സംഘടനാ രംഗം അതീവ ദുര്‍ബലവും അതിദയനീയവുമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജില്ലയിലെ പാര്‍ട്ടി നേതൃത്തില്‍ നിന്ന് തന്നെ നീതി ലഭിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എ ഗ്രൂപ്പ് മുന്‍ മന്ത്രി കെ പി നുറൂദ്ദീന്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ പി രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ ഡി മുസ്തഫ എന്നിവര്‍ കെ പി സി സി പ്രസിഡന്റ്, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് പരാതി അയച്ചു.
ഇന്നലെ നടന്ന ഡി സി സി യോഗം ബഹിഷ്‌കരിച്ചുകൊണ്ടാണ് നേതാക്കള്‍ നേതൃത്വത്തിന് പരാതി നല്‍കിയത്. ഏറ്റവുമൊടുവില്‍ പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബേങ്കിലെ കോണ്‍ഗ്രസ് ഭരണസമിതിയെ ഒരു വിഭാഗം നേതാക്കള്‍ മുന്‍കൈയെടുത്ത് പിരിച്ചുവിടുന്നതിന് നിയമവിരുദ്ധമായ മാര്‍ഗം സ്വീകരിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
സി പി എം ഭരണത്തിലെ കിരാത നടപടികളെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ സഹകരണ ജനാധിപത്യത്തെ പൂര്‍ണമായും തകര്‍ത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചു വിടാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായത് കോണ്‍ഗ്രസ് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. അഴിമതി കൊടികുത്തി വാഴുന്ന കരാറിനകം സര്‍വീസ് സഹകണ ബേങ്ക് അടക്കമുള്ള നിരവധി സി പി എം സ്ഥാപനങ്ങള്‍ക്ക് ഒരു നോട്ടീസ് അയപ്പിക്കാന്‍ പോലും തയ്യാറാകാത്തവര്‍ മാര്‍ക്‌സിസ്റ്റ് ആക്രമത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും കോണ്‍ഗ്രസുകാര്‍ ഭരിക്കുന്ന സ്ഥാപനം തന്നെ തകര്‍ക്കാന്‍ രാപകല്‍ മെനക്കെടുകയും ചെയ്യുന്നത് അപഹാസ്യമാണ്.
സംഘടനയെയും ഭരണസംവിധാനത്തെയും കൈപ്പിടിയിലൊതുക്കി തങ്ങളുടെ ധിക്കാരവും ധാര്‍ഷ്ട്യവും നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരെ നിലക്കു നിര്‍ത്താന്‍ നേതൃത്വം തയ്യാറാവണം. തന്റെ കൂടെ നില്‍ക്കാത്തവരെയും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയും അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ലെന്നും സി പി എമ്മിനും ആര്‍ എസ് എസിനുമെതിരെ പൊരുതി വളര്‍ന്ന പള്ളിക്കുന്നിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.

Latest