Connect with us

Kerala

വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് നിഷേധിക്കില്ല

Published

|

Last Updated

തിരുവനന്തപുരം: സ്വന്തം പേരില്‍ വീടില്ലാത്തവര്‍ക്കും വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍കാര്‍ഡ് നിഷേധിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. വീട്ടുടമയുടെയോ വാര്‍ഡ് കൗണ്‍സിലറുടെയോ മറ്റു ജനപ്രതിനിധികളുടെയോ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ കാര്‍ഡ് ലഭ്യമാക്കും. ഒരേ വീട്ടുനമ്പറില്‍ രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ താമസിച്ചാലും വ്യത്യസ്ത കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ തടസ്സമില്ലെന്നും മന്ത്രി വ്യക്തമാക്കി.
റേഷന്‍ കാര്‍ഡ് പുതുക്കാന്‍ നിലവിലുള്ള ഗൃഹനാഥന്റെ പേര് വെച്ച് മുന്‍കൂട്ടി തയ്യാറാക്കിയ ബാര്‍കോഡുള്ള ഫോമുകള്‍ ഈമാസം 19രെ റേഷന്‍കടകളില്‍ നിന്നു ലഭിക്കും. ഇതില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താം. എട്ട് വയസ്സുവരെ ഉള്ളവരുടെ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കി പേര് ഉള്‍പ്പെടുത്താം. 19 മുതല്‍ ആരംഭിക്കുന്ന ഫോട്ടോ ക്യാമ്പുകള്‍ മാര്‍ച്ച് നാല്‌വരെ തുടരും. ആറുമാസത്തിനുള്ളില്‍ പുതിയ റേഷന്‍കാര്‍ഡ് വിതരണം ചെയ്യും. വീട്ടിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീകളുടെ പേരിലാണ് പുതിയ കാര്‍ഡ് അനുവദിക്കുന്നത്. ഏറ്റവും മുതിര്‍ന്ന വനിതക്ക് ക്യാമ്പില്‍ വരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്ത വനിതയുടെ പേരില്‍ കാര്‍ഡ് നല്‍കും. പുതിയ കാര്‍ഡ് വിതരണം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് നിന്ന് 54 ലക്ഷം പേര്‍കൂടി മുന്‍ഗണനാപട്ടികയില്‍(ഒരു രൂപ പദ്ധതിയില്‍) ഇടംനേടും. ഇവരുള്‍പ്പടെ 1.54 കോടിയില്‍പ്പരം ആളുകളെ സംസ്ഥാന ബി പി എല്‍ വിഭാഗമായി കണക്കാക്കും. മറ്റുള്ളവര്‍ക്ക് ജനറല്‍ കാര്‍ഡുകള്‍ നല്‍കും.
കുടുംബത്തെ സംബന്ധിച്ച ആധികാരിക രേഖയായി റേഷന്‍കാര്‍ഡിനെ ഉപയോഗപ്പെടുത്തുന്നതിനാണ് വൈദ്യുതി കണ്‍സ്യൂമര്‍ നമ്പര്‍, കുടിവെള്ള കണ്‍സ്യുമര്‍ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍ എന്നിവ. ഈ വിവരങ്ങള്‍ നിര്‍ബന്ധമില്ലെങ്കിലും മറ്റു വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ റാങ്ക് ലിസ്റ്റില്‍ താഴെയാകാനും അര്‍ഹതപ്പെട്ട മുന്‍ഗണനാ കാര്‍ഡ് നഷ്ടപ്പെടാനും ഇടയാക്കും. പുതിയ കാര്‍ഡ് ലഭിക്കുന്നതുവരെയും ബാര്‍കോഡുള്ള അപേക്ഷാഫോറം കേടുകൂടാതെ സൂക്ഷിക്കണം. കാര്‍ഡ് പുതുക്കാനുള്ള ഫോറം പൂരിപ്പിക്കാന്‍ റേഷന്‍ കടകള്‍ വഴിയും കുടുംബശ്രീ വഴിയും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ, ഫോട്ടോ ക്യാമ്പുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ആയിരം പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. ഫോറം പൂരിപ്പിച്ചു നല്‍കാന്‍ 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഫോമില്‍ നല്‍കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാന്‍ ജൂലായില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തും.