Connect with us

Editorial

പാമോലിന്‍ കേസില്‍ വീണ്ടും തിരിച്ചടി

Published

|

Last Updated

പാമോലിന്‍ കേസില്‍ വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. 1991-92 കാലത്ത് ഉടലെടുത്ത കേസിന്റെ വിചാരണാ നടപടികളില്‍ ഏറെ കാലതാമസം വരികയും പ്രധാന പ്രതികള്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേസ് തുടരുന്നത് ന്യായമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഈ ന്യായവാദങ്ങള്‍ തള്ളിയ കോടതി, അഴിമതി സംബന്ധമായ കേസുകള്‍ പിന്‍വലിക്കുന്നത് നീതിയല്ലെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും വി എസ് സുനില്‍ കുമാര്‍ എം എല്‍ എ യുടെയും നിലപാട് അംഗീകരിക്കുകയാണുണ്ടായത്. സത്യം അറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതിനാല്‍ കേസ് പിന്‍വലിക്കലല്ല, തുടരലാണ് പൊതുജനതാത്പര്യമെന്ന് കോടതി സര്‍ക്കാറിനെ ഉണര്‍ത്തുകയും ചെയ്തു. കേസ് അവസാനിപ്പിക്കുന്നതിന്റെ ഗുണം പ്രതികള്‍ക്ക് മാത്രമായിരിക്കുമെ ന്നും കോടതി ഓര്‍മിപ്പിക്കുകയുണ്ടായി.
കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരുന്ന 1991-96 ലെ യുഡിഎഫ് ഭരണകാലത്താണ് പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയര്‍ന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോലിന്‍ വില 392.25 ഡോളറായിരിക്കെ, 405 ഡോളര്‍ നിരക്കിലാണ് അന്ന് സര്‍ക്കാര്‍ 15,000 ടണ്‍ ഇറക്കുമതി ചെയ്തത്. പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയെ ഇടനിലക്കാരാക്കി നടത്തിയ ഈ ഇറക്കുമതിയില്‍ സംസ്ഥാന സര്‍ക്കാറിന് 2.3 കോടിയുടെ നഷ്ടം സംഭവിച്ചു. ഇതില്‍ സര്‍ക്കാറിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥ ഉള്ളതായി സംസ്ഥാന വിജിലന്‍സും സി എ ജിയും കണ്ടെത്തിയിരുന്നു.
ഇത് മുന്നാം തവണയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് പാമോലിന്‍ കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുന്നത്. 2005ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നപ്പോഴും കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. കോടതി അത് നിരാകരിക്കുകയാണുണ്ടായത്. പിന്നീട് സര്‍ക്കാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചെങ്കിലും അവിടെയും പരാജയപ്പെട്ടു. കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് കാണിച്ചാണ് വിജിലന്‍സ് കോടതി ഹരജി നിരാകരിച്ചത്. നിയമപീഠങ്ങളില്‍ നിന്നുള്ള തുടര്‍ച്ചയായ തിരിച്ചടി യു ഡി എഫ് സര്‍ക്കാറിന് ക്ഷീണമാകുമ്പോഴും കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിന് മുഖ്യമന്ത്രി കൃത്യമായ ന്യായങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. പാമോലിന്‍ ഇടപാടില്‍ യാതൊരു ക്രമക്കേടുമില്ലെന്ന് തന്റെ മനഃസാക്ഷിക്ക് ബോധ്യമുണ്ടെന്നും ഒരു തെറ്റും ചെയ്യാത്ത ഉദ്യോഗസ്ഥര്‍ കാല്‍നൂറ്റാണ്ടോളമായി അകാരണമായി വേട്ടയാടപ്പെടുന്നത് നീതീകരിക്കാനാകില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. തെറ്റ് ചെയ്യാത്തവര്‍ സംശയത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സത്തക്ക് വിരുദ്ധമാണ്. കേസുകളിലെ കാലവിളംബം നീതിനിഷേധമാണെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കാതലായ തത്വമാണെങ്കിലും രാജ്യത്തെ കോടതികളില്‍ ഇത് സര്‍വസാധാരണമാണ്. ദശകങ്ങളോളം പഴക്കമുള്ള പതിനായിരക്കണക്കിന് കേസുകള്‍ നമ്മുെട കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇവ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന മുറവിളി വനരോദനമായി അവശേഷിക്കുകയാണ്. കേസുകളുടെ നടത്തിപ്പ് വര്‍ഷങ്ങളോളം നീളുകയും പിന്നീട് കോടതി പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്താല്‍ അത്രയും കാലം അവര്‍ അനുഭവിച്ച മാനസിക വ്യഥക്കും പീഡനത്തിനും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടത്തിനോ, കോടതികള്‍ക്കോ സാധിക്കുമോ?
അതേ സമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസ് അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതമായി ഉയര്‍ന്നു വന്നതുമാണെന്ന് മുഖ്യമന്ത്രിക്ക് മാത്രം ബോധ്യപ്പെട്ടാല്‍ മതിയോ എന്ന ചോദ്യവും പ്രസക്തമാണ്. കേരള രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ച പാമോലിന്‍ കേസിലെ പ്രതികള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍, മുഖ്യമന്ത്രിയടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ല, നിയമത്തിന്റെ വഴിയെ നീങ്ങിവേണം വ്യാജമാണെന്ന് സ്ഥാപിക്കാന്‍. മറിച്ചുള്ള നീക്കങ്ങളില്‍ ദുരുദ്ദേശ്യം സംശയിക്കപ്പെടുക സ്വാഭാവികം. ഉമ്മന്‍ ചാണ്ടിക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഉമ്മന്‍ ചാണ്ടി കേസില്‍ പ്രതിയല്ലെന്ന് വിജിലന്‍സ് കോടതി തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഒരു ഹരജി കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹരജിയില്‍ തനിക്കെതിരായ വിധി ഭയപ്പെട്ടാണ് അദ്ദേഹം അടിസ്ഥാന കേസ് അവസാനിപ്പിക്കാന്‍ ധൃതി കാണിക്കുന്നതെന്ന് രാഷ്ട്രീയ പ്രതിയോഗികള്‍ ആരോപിക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കേസില്‍ എത്രയും പെട്ടെന്ന് തീര്‍പ്പുണ്ടാകുന്നതിനുള്ള ഇടപെടലല്ലാതെ കേസ് പൂര്‍ണമായും പിന്‍വലിക്കാന്‍ ധൃതി കാണിക്കുന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും.

Latest