Connect with us

Kerala

വല്ലാര്‍പാടം ടെര്‍മിനലില്‍ വന്‍ രക്ത ചന്ദന വേട്ട

Published

|

Last Updated

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി ഷാര്‍ജയിലേക്ക് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 12 ടണ്‍ രക്തചന്ദനം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് സീല്‍ ചെയ്ത കണ്ടെയ്‌നറില്‍ എത്തിച്ച രക്തചന്ദനം കപ്പലില്‍ കയറ്റുന്നതിന് തൊട്ടുമുമ്പാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി ആര്‍ ഐ സംഘം പിടികൂടിയത്. പിടികൂടിയ രക്തചന്ദനത്തിന് അന്താരാഷ്ട്ര വിപണിയില്‍ ഒന്നര കോടി രൂപ വിലമതിക്കും. ഇന്നലെ രാത്രി ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട കപ്പലില്‍കൊണ്ടു പോകാനായി ബുക്ക് ചെയ്തതായിരുന്നു കണ്ടെയ്‌നര്‍. കളമശ്ശേരിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ എസ് ഐ ഇ എല്‍ ഫ്രൈറ്റ് സറ്റേഷനില്‍ വ്യാഴാഴ്ച കസ്റ്റംസ് പരിശോധന നടത്തി സീല്‍ ചെയ്ത കണ്ടെയ്‌നര്‍ അവിടെ നിന്ന് ഏതോ രഹസ്യകേന്ദ്രത്തിലെത്തിച്ച് സീല്‍ ഇളക്കാതെ ലോക്ക് പൊളിച്ചുമാറ്റുകയും പ്ലൈവുഡ് ഇറക്കിയ ശേഷം രക്തചന്ദനം കയറ്റി വീണ്ടും ലോക്ക് ഘടിപ്പിച്ച് തുറമുഖത്ത് എത്തിക്കുകയുമായിരുന്നുവെന്ന് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ടെയ്‌നറില്‍ 12 പെട്ടികളിലായാണ് പൊതിഞ്ഞുകെട്ടിയ നിലയില്‍ രക്തചന്ദന തടികള്‍ സൂക്ഷിച്ചിരുന്നത്.
കസ്റ്റംസ് ക്ലിയറന്‍സിനുള്ള രേഖകള്‍ തയ്യാറാക്കി നല്‍കിയ കൊച്ചിയിലെ ഒരു ഷിപ്പിംഗ് ഏജന്‍സി ജീവനക്കാരനായ പള്ളുരുത്തി സ്വദേശി സുനോജിനെ ഡി ആര്‍ ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്തചന്ദന കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചതായറിയുന്നു. മുംബൈയിലെ ലിബര്‍ട്ടി മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കണ്ടെയ്‌നര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ലിബര്‍ട്ടി മാര്‍ക്കറ്റിംഗിന്റെ എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് 1988ല്‍ കാലഹരണപ്പെട്ടതാണെന്നും ഈ കമ്പനിയുടെ പേരില്‍ രേഖകള്‍ തയ്യാറാക്കി കൊടുത്തത് സുനോജ് ആണെന്നും ഡി ആര്‍ ഐ കണ്ടെത്തി. ജോലി ചെയ്യുന്ന കമ്പനിയിലുള്ളവര്‍ അറിയാതെ രഹസ്യമായാണ് ഇയാള്‍ രേഖകള്‍ തയ്യാറാക്കിയത്. ഇതിന് വലിയ തുക പ്രതിഫലമായി കള്ളക്കടത്ത് സംഘത്തില്‍ പെട്ടവര്‍ നല്‍കിയതായി സുനോജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
ആന്ധ്രയിലെ ചിറ്റൂരില്‍ നിന്നാണ് രക്തചന്ദനം എത്തിച്ചതെന്ന് ഡി ആര്‍ ഐ വൃത്തങ്ങള്‍ പറഞ്ഞു. ദുബൈ വഴി ചൈനയിലേക്കും ഹോങ്കോംഗിലേക്കുമാണ് രക്തചന്ദനം വന്‍തോതില്‍ കള്ളക്കടത്തായി പോകുന്നത്. ആന്ധ്രയില്‍ നിന്ന് കിലോക്ക് ശരാശരി 50 രൂപ നിരക്കില്‍ ശേഖരിക്കുന്ന രക്തചന്ദനത്തിന് ദുബൈയിലെത്തുമ്പോള്‍ ഇരട്ടിയിലേറെ വില കിട്ടും. അവിടെ നിന്ന് ചൈനയില്‍ എത്തുമ്പോള്‍ വില പലമടങ്ങായി വര്‍ധിക്കും. കിലോക്ക് ആയിരം രൂപ വരെ അവിടെ രക്തചന്ദനത്തിന് ലഭിക്കുന്നുണ്ട്. 2011ല്‍ വല്ലാര്‍പാടം ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഇതുവഴി രക്തചന്ദന കള്ളക്കടത്ത് തുടര്‍ച്ചയായി നടക്കുന്നുണ്ട്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തുന്ന പരിശോധനകളില്‍ മാത്രമാണ് കള്ളക്കടത്ത് പിടിക്കപ്പെടാറ്. 2011 ഒക്ടോബറില്‍ ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 13 ടണ്‍ രക്തചന്ദനവും 2012 നവംബറില്‍ എട്ട് ടണ്‍ രക്തചന്ദനവും ഡി ആര്‍ ഐ ഇവിടെ നിന്ന് പിടികൂടിയിരുന്നു.