Connect with us

Malappuram

കോല്‍ക്കളിയില്‍ പിടിമുറുക്കി എടരിക്കോട്

Published

|

Last Updated

കോട്ടക്കല്‍: കണ്ണെത്തുന്നിടത്തും കോലും, കോലെത്തുന്നിടത്ത് മെയ്യും, മെയ്യത്തുന്നിടത്ത് മനസ്സുമെന്ന ടി പി ആലികുട്ടി ഗുരിക്കളുടെ കോല്‍ക്കളി ചിട്ടയില്‍ പിടിമുറുക്കി കോലടിച്ച എടരിക്കോടിന് തന്നെ വീണ്ടും ആധിപത്യം.
പ്രവാചകര്‍ മുഹമ്മദ് നബിയെ വാഴ്ത്തി തുടങ്ങിയ സ്വഫ്‌വാന്റെ നേതൃത്വത്തിലുള്ള എടരിക്കോട് പി കെ എം എം എച്ച് എസ് ടീമിന്റെ ചടുല താളങ്ങളില്‍ എതിരിടാനെത്തിയവരെയൊക്കെ പിന്തള്ളി അവര്‍ ആധിപത്യം ആവര്‍ത്തിച്ചു.
ഗുരുത്വാഹ നബി ഉപദേശി. ഗുണജ്ഞാന മതവിധി യോഗി എന്നു തുടങ്ങിയ വരികളിലൂടെ താളം പിടിച്ച സംഘം പിന്നെ കൊട്ടിക്കയറി. താളം, കോലടക്കം, അടിച്ചു മറിയല്‍, അവതരണം, പാട്ട് എന്നിവക്ക് ചുവട്‌വെച്ച് മെയ്‌വയക്കം തീര്‍ത്തായിരുന്നു എടരിക്കോടിന്റെ മുന്നേറ്റം.
കോല്‍ക്കളിയെ യുവജനോത്സവ വേദിയില്‍ കയറ്റിയ എടരിക്കോട് ടി പി ആലിക്കുട്ടി ഗുരിക്കള്‍ അരനൂറ്റാണ്ട് മുമ്പ് തീര്‍ത്ത വരികളാണ് ഇവര്‍ ഉപയോഗിച്ചത്. കൂട്ടത്തില്‍ മോയീന്‍ കുട്ടി വൈദ്യരുടെയും, ഹംസ നരിക്കോടിന്റെയും വരികള്‍ക്കും താളമിട്ടു.
ഗുരിക്കളുടെ വടക്കന്‍ വൈമലക്കൂത്ത് ശൈലിയില്‍ കോലടിച്ച് മറിഞ്ഞപ്പോള്‍ പ്രധാന വേദിക്കുമുമ്പില്‍ തടിച്ചുകൂടിയ ആസ്വാദകസഘം ചൂളം വിളിച്ചും കൈയടിച്ചും സംഘത്തിനൊപ്പം ചേര്‍ന്നു. യുവജനോത്സവ വേദിയില്‍ കൈവിട്ട് പോയ തവണയെ മാറ്റി നിര്‍ത്തിയാല്‍ ആധിപത്യം ഇവര്‍ക്ക് തന്നെയാണ്. കോല്‍ക്കളി ആചാര്യന്‍ ടി പി യുടെ ശിഷ്യര്‍ തന്നെയാണ് ഇവര്‍ക്ക് കോലടി താളവും മെയ് വയക്കവും ശീലിപ്പിച്ചത്. ആശിഫ്, മുര്‍ശിദ് എന്നിവരാണ് ഇവരുടെ പരിശീലകര്‍.