Connect with us

International

മൈത്രിപാല സിരിസേന ശ്രീലങ്കന്‍ പ്രസിഡന്റായി ചുമതലയേറ്റു

Published

|

Last Updated

കൊളംബോ: ശ്രീലങ്കയിലെ നിര്‍ണായകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ഥിയായ മൈത്രിപാല സിരിസേനക്ക് വിജയം. ഒരു ദശാബ്ദത്തോളം ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന മഹീന്ദ രജപക്‌സെയെ പരാജയപ്പെടുത്തിയാണ് സിരിസേന പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം കൂടി ശേഷിക്കുമ്പോഴാണ് രാജിവെച്ച് മഹീന്ദ രജപക്‌സെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മൂന്നാം തവണയും വിജയം ഉറപ്പിച്ചാണ് രജപക്‌സെ മത്സരരംഗത്തെത്തിയത്. സിരിസേനക്ക് 51.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ രജപക്‌സെക്ക് 47.6 ശതമാനം വോട്ട് നേടാനേ സാധിച്ചുള്ളൂ.
ശ്രീലങ്കയുടെ ആറാമത്തെ പ്രസിഡന്റായി മൈത്രിപാല സിരിസേന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊളംബോയിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ജഡ്ജി കെ ശ്രീപവന്‍ സത്യവാചകം ചൊല്ലക്കൊടുത്തു. ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി യു എന്‍ പി നേതാവ് റനില്‍ വിക്രമസിംഗെയും സത്യപ്രതിജ്ഞ ചെയ്തു. ഇതുവരെ പ്രതിപക്ഷ നേതാവായിരുന്നു റനില്‍ വിക്രമസിംഗെ. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വൈ കെ സിന്‍ഹ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ജനവിധി രജപക്‌സെ അംഗീകരിക്കുന്നതായും അധികാര കൈമാറ്റം സുതാര്യമായി നടക്കുമെന്നും രജപക്‌സെയുടെ പ്രസ്സ് സെക്രട്ടറി വിജയാനനന്ദ് ഹെറാത്ത് പറഞ്ഞു. പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതോടെ രജപക്‌സെ ഔദ്യോഗിക വസതി ഒഴിഞ്ഞു.
തമിഴ്, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് സിരിസേന വ്യക്തമായ ഭൂരിപക്ഷമാണ് നേടിയത്. എല്‍ ടി ടി ഇയുമായി ശക്തമായ പോരാട്ടം നടന്ന വടക്കന്‍ മേഖലകളില്‍ കനത്ത പോളിംഗാണ് ഇത്തവണ ഉണ്ടായത്. ഇതിനു പുറമെ സിംഹള വിഭാഗത്തില്‍ നിന്നുള്ള നല്ലൊരു ശതമാനം വോട്ടും സിരിസേന നേടിയതായാണ് ഫലം നല്‍കുന്ന സൂചന. എല്‍ ടി ടി ഇക്കെതിരായ നടപടിയിലൂടെ സിംഹള വിഭാഗത്തിനിടയില്‍ നേടിയ ജനപ്രീതിയാണ് കഴിഞ്ഞ രണ്ട് തവണ അധികാരത്തിലത്തൊന്‍ രജപക്‌സെയെ സഹായിച്ചത്. അഴിമതിയും സുപ്രധാന സ്ഥാനങ്ങളില്‍ ബന്ധുക്കളെയും അടുത്തയാളുകളെയും തിരുകിക്കയറ്റാന്‍ നടത്തിയ ശ്രമങ്ങളും രജപക്‌സെയുടെ ജനപ്രീതിയില്‍ ഇടിവുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഇക്കാര്യം ഉയര്‍ത്തിയാണ് സിരിസേന പ്രധാനമായും വോട്ട് പിടിച്ചത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ എഴുപത് ശതമാനവും സിംഹള ബുദ്ധ വിഭാഗക്കാരാണ്.
രജപക്‌സെയുടെ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയും ഭരണകക്ഷിയായിരുന്ന ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിരിസേന കഴിഞ്ഞ നവംബറിലാണ് സ്ഥാനം രാജിവെച്ചത്. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ജനവിധി തേടിയ സിരിസേനക്ക് തമിഴ് വംശജരുടെ പാര്‍ട്ടിയായ തമിഴ് നാഷനല്‍ അലയന്‍സിന്റെയും മുസ്‌ലിം പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ശ്രീലങ്കയിലെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണുണ്ടായത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കുതിപ്പാണ് ഓഹരി വിപണിയില്‍ ഉണ്ടായത്. പുതിയ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.