ഫ്രാന്‍സില്‍ വീണ്ടും വെടിവെപ്പ്; അക്രമികളുടെ ചിത്രം പുറത്തുവിട്ടു

Posted on: January 8, 2015 7:26 pm | Last updated: January 8, 2015 at 11:48 pm

france shootപാരീസ്: ആക്ഷേപഹാസ്യ വാരികയായ ഷാര്‍ളി എബ്‌ദോയുടെ ഓഫീസിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഫ്രാന്‍സില്‍ വീണ്ടും വെടിവെപ്പ്. ദക്ഷിണ പാരീസില്‍ ഇന്നലെയുണ്ടായ വെടിവെപ്പില്‍ പോലീസുകാരി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ പരുക്കേറ്റ മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു ശേഷം അക്രമി ഓടിരക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് വെടിവെപ്പുണ്ടായത്. ഷാര്‍ളി എബ്‌ദോയുടെ ഓഫീസിനു നേരെ ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ വാരികയുടെ എഡിറ്ററും കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഈ സംഭവവുമായി ഇന്നലെ നടന്ന വെടിവെപ്പിന് ബന്ധമുണ്ടോയെന്നത് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഷാര്‍ളി എബ്‌ദോ വാരികയിലുണ്ടായ ആക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാള്‍ കീഴടങ്ങി. രണ്ട് പേരെ പോലീസ് തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയ മൂന്നംഗ സംഘത്തില്‍ അംഗമായ മുറാദ് ഹാമിദ് (18) ആണ് കീഴടങ്ങിയത്. പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ആക്രമണം നടത്തിയ ഫ്രഞ്ച് പൗരന്മാരായ സഹോദരങ്ങളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. ശരീഫ് കൗച്ചി (32), സഈദ് കൗച്ചി (34) എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുവര്‍ക്കും തീവ്രവാദ സംഘടനയായ അല്‍ഖാഇദയുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.
2008ല്‍ തീവ്രവാദ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ശരീഫ് കൗച്ചി. ഇറാഖിലെ തീവ്രവാദികളെ സഹായിച്ചതിന് പതിനെട്ട് മാസത്തെ തടവ് ശിക്ഷയാണ് ശരീഫിന് ലഭിച്ചത്.
അതിനിടെ, കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാധ്യമ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി രാജ്യവ്യാപകമായി ഒരു മിനുട്ട് മൗനം ആചരിച്ചു. ഇസില്‍ മേധാവി അബൂബക്കര്‍ ബഗ്ദാദിയുടെ കാരിക്കേച്ചര്‍ വാരികയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നതിനു പിന്നാലെയാണ് വാരികക്ക് നേരെ ആക്രമണമുണ്ടായത്.