Connect with us

Ongoing News

ബാഴ്‌സ് പ്രശ്‌നം; മെസിയെ നിലനിര്‍ത്താന്‍ കോച്ചിനെ പുറത്താക്കിയേക്കും

Published

|

Last Updated

ബാഴ്‌സലോണ: പുതുവര്‍ഷത്തില്‍ ബാഴ്‌സലോണയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. സൂപ്പര്‍ താരം ലയണല്‍ മെസിയും കോച്ച് ലൂയിസ് എന്റിക്വെയും തമ്മിലുള്ള അസ്വാരസ്യം, രണ്ട് പേരിലൊരാളേ ടീമില്‍ കാണൂ എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. കഴിഞ്ഞ ദിവസം റയല്‍ സോസിഡാഡിനെതിരെ മെസിയെ പകരക്കാരുടെ നിരയിലാണ് കോച്ച് പരിഗണിച്ചത്. രണ്ടാം പകുതിയില്‍ മെസിയെ കളത്തിലിറക്കിയെങ്കിലും ബാഴ്‌സലോണക്ക് പരാജയം ഒഴിവാക്കാന്‍ സാധിച്ചിരുന്നില്ല. മത്സരശേഷം ദേഷ്യത്തോടെയാണ് മെസി ടീം ക്യാമ്പ് വിട്ടത്.
ഇന്നലെ, ടീമിലെ സീനിയര്‍ താരങ്ങള്‍ മെസിയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. കിരീട വിജയങ്ങളിലേക്ക് ബാഴ്‌സയെ തിരികെ കൊണ്ടുപോകാന്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒന്നിക്കണമെന്ന സന്ദേശം ഇവര്‍ മെസിക്ക് കൈമാറി. ഷാവിയും ഇനിയെസ്റ്റയുമാണ് മെസിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സൂചനയുണ്ട്.
അതേ സമയം ക്ലബ്ബ് വിടുന്നതിനെ കുറിച്ച് മെസി ഗൗരവമായി ചിന്തിക്കുന്നത് ബാഴ്‌സലോണ മാനേജ്‌മെന്റിനെ പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്. കോച്ച് ലൂയിസ് എന്റിക്വെയെ പുറത്താക്കിക്കൊണ്ട് മെസിയെ നിലനിര്‍ത്താനുള്ള ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ക്രിസ്മസ്, പുതുവര്‍ഷ അവധി കഴിഞ്ഞ് വൈകിയാണ് മെസി ടീമിനൊപ്പം ചേര്‍ന്നത്. അതായത് സോസിഡാഡിനെതിരായ മത്സരത്തിന് ഒരു ദിവസം മുമ്പ് മാത്രം. ബ്രസീലിയന്‍ താരങ്ങളായ നെയ്മറും ഡാനി ആല്‍വസും ഇതുപോലെ വൈകിയാണ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. മെസിക്കൊപ്പം ഇവരെയും കോച്ച് പകരക്കാരുടെ നിരയിലാണ് ഉള്‍പ്പെടുത്തിയത്. ബെഞ്ചിലിരുന്നു കൊണ്ട് നെയ്മര്‍ മെസിയോട് കോച്ചിനെ പരിഹസിക്കുന്ന രീതിയില്‍ തമാശ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കളിക്കാര്‍ തന്നെ ധിക്കരിച്ച് ക്യാമ്പില്‍ വൈകിയെത്തിയതിന് എന്റിക്വെ നല്‍കിയ ശിക്ഷയായിട്ടാണ് ആദ്യലൈനപ്പില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ വിലയിരുത്തുന്നത്.
പ്രധാന താരമായ തന്നെ അവഹേളിച്ചെന്നതിലാണ് മെസിയുടെ ദേഷ്യം. സീസണിലെ എല്ലാ മത്സരങ്ങളിലും കളിക്കുകയെന്നതാണ് മെസിയുടെ ആഗ്രഹം. പെപ് ഗോര്‍ഡിയോള കോച്ചായിരുന്നപ്പോഴും മെസിയുടെ ഈ ആഗ്രഹത്തിന് എതിര് നിന്നിരുന്നില്ല. അതിന് ശേഷം വന്ന മാര്‍ട്ടിനോയും മെസിക്ക് പരമാവധി അവസരം നല്‍കി.
ചെല്‍സിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ സൈറ്റ് മെസി പിന്തുടര്‍ന്നത് കൂടുമാറ്റത്തിന്റെ സൂചന നല്‍കുന്നതാണ്. ബാഴ്‌സയില്‍ ഒപ്പം കളിച്ച ഫാബ്രിഗസ് ഇപ്പോള്‍ ചെല്‍സിയുടെ കേന്ദ്ര താരമാണ്. ഫാബ്രിഗസിന്റെ ഇന്‍സ്റ്റാഗ്രാം എക്കൗണ്ടും മെസി പിന്തുടര്‍ന്നിട്ടുണ്ട്.
ബാഴ്‌സലോണ പരിശീലക സ്ഥാനത്ത് എന്റിക്വെയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. എല്‍ചെ, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ക്കെതിരെ മികച്ച വിജയം നേടിയാല്‍ മാത്രമേ എന്റിക്വെക്ക് വിവാദ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. നിലവില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ റയലിന് പിറകിലാണ് ബാഴ്‌സ.